റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി: പരുക്കേറ്റത് 153 പോലിസുകാര്‍ക്ക് ; രണ്ടുപേര്‍ ഐസിയുവില്‍
എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമത്തില്‍ പരുക്കേറ്റത് 153 പോലിസുകാര്‍ക്ക്. രണ്ടുപേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സമരവുമായി ബന്ധപ്പെട്ട് പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. ചെങ്കോട്ടയിലെ സംഘര്‍ഷത്തിലാണ് കൂടുതല്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റത്. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊലീസുകാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലെ ആക്രമണങ്ങളിലും പൊലീസുകര്‍ക്ക് പരുക്കേറ്റു.
എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.തിക്രിയിലും ഗാസിപുരിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പൊലീസ് വ്യക്തമാക്കി. രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയും നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അനിഷ്ടസംഭവങ്ങളും ആരംഭിച്ചു. എട്ടര മണിയോടെ ഏകദേശം 6000 - 7000 ട്രാക്ടറുകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തി. പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹി പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഡല്‍ഹി ഐടിഒയിലേക്ക് വലിയ സംഘമായി പ്രതിഷേധക്കാരെത്തി. ന്യൂഡല്‍ഹിയിലേക്ക് നീങ്ങാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് ആക്രമണം ആരംഭിച്ചത്. പൊലീസ് ബാരിക്കേഡുകള്‍ പ്രതിഷേധക്കാര്‍ പൂര്‍ണമായും തകര്‍ത്തു. ബാരിക്കേഡിന് സമീപം നിലകൊണ്ട പൊലീസുകാരെ ഇടിച്ചിട്ട് നീങ്ങാനുള്ള ശ്രമവും നടന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് നീങ്ങിയത്. കോട്ടയുടെ മുകളിലേക്ക് കയറി സിഖ് പതാക സ്ഥാപിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പ്രതിഷേധക്കാരെ ചെങ്കോട്ടയില്‍ നിന്ന് നീക്കാനായത്. വൈകുന്നേരത്തോടെ പ്രതിഷേധം അവസാനിച്ചതായും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.