സംവരണം: ലീഗ് നിലപാട് കാപട്യം; മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ പുതിയ സര്‍വ്വേ നടത്തണം-എന്‍സിപി

സമുദായത്തെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ ക്രിയാത്മക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നു എന്‍സിപി ദേശീയ സെക്രട്ടറി എന്‍ എ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.

Update: 2021-06-12 05:11 GMT

കോഴിക്കോട്: മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠന വിധേയമാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സമുദായത്തെ സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ ക്രിയാത്മക നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എന്‍സിപി ദേശീയ സെക്രട്ടറി എന്‍ എ മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.

രാജ്യത്തെ മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക മേഖലകളിലെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മറ്റി 2006 ലാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും സാമ്പത്തിക വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളില്‍ മുസ്‌ലിം ജനവിഭാഗം ഏറെ പിന്നിലാണെന്ന് സച്ചാര്‍ കമ്മറ്റി കണ്ടെത്തിയിട്ടുണ്ട്. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പഠിച്ച് പദ്ധതികള്‍ തയ്യാറാക്കുന്നതിനാണ് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ പാലോളി മുഹമ്മദ്കുട്ടി കമ്മറ്റിയെ നിയോഗിക്കുന്നത്. മുസ്‌ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ക്രിയാത്മകമായ നടപടികള്‍ നിര്‍ദ്ദേശിക്കുക എന്നതായിരുന്നു പാലോളി കമ്മിറ്റിയുടെ ദൗത്യം.

മുസ്‌ലിം സമുദായത്തിന്റെ അധഃസ്ഥിതിക്ക് പരിഹാരം കാണാന്‍ നിയോഗിക്കപ്പെട്ട പാലോളി കമ്മറ്റി പിന്നാക്കാവസ്ഥയിലുള്ള ലത്തീന്‍ ക്രൈസ്തവരേയും പരിവര്‍ത്തിത ക്രൈസ്തവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. 2011ല്‍ സമര്‍പ്പിച്ച പാലോളി കമ്മറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 80:20 എന്ന അനുപാതത്തില്‍ മുസ്‌ലിം സമുദായത്തിനും പിന്നാക്ക ക്രൈസ്തവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. പിന്നീട് 2011ല്‍ യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തിയെങ്കിലും പാലോളി കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ അടയിരിക്കുകയായിരുന്നു.

80:20 അനുപാതത്തില്‍ വിയോജിപ്പ് ഉണ്ടായിരുന്നെങ്കില്‍ അന്ന് ലീഗിനും യുഡിഎഫ് സര്‍ക്കാരിനു മാറ്റം വരുത്താമായിരുന്നെങ്കിലും അതിനവര്‍ ശ്രമിച്ചില്ല. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടില്‍ വളരെ വ്യക്തമായി പറഞ്ഞ കാര്യമുണ്ട്. ഇതില്‍ നിശ്ചയിച്ച സംവരണ അനുപാദം എല്ലാ 10 വര്‍ഷം കഴിയുമ്പോഴും സര്‍വേ നടത്തുകയും മുസ്‌ലിം ജനവിഭാഗത്തിന് പുരോഗമനപരമായി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതനുസരിച്ച് അനുപാദത്തില്‍ മാറ്റം വരുത്താവുന്നതാണ് എന്ന്. 10 വര്‍ഷം കൂടുമ്പോള്‍ ഓരോ സംസ്ഥാന സര്‍ക്കാരിനും മാറ്റം വരുത്താനുള്ള അവകാശവും അധികാരവുമുണ്ട്.

മുസ്‌ലിം വിഭാഗത്തിന്റെ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് അധികാരമുണ്ടായിരുന്ന കാലത്തുപോലും മുസ്‌ലിം ലീഗ് കൈവിരല്‍ അനക്കിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിഷയത്തില്‍ വന്ന ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ച് മുസ്‌ലിം ലീഗ് നടത്തുന്ന പ്രീണന നയം കാപട്യമാണ്. ക്രൈസ്തവ പിന്നാക്ക വിഭാഗങ്ങളായ ലത്തീന്‍ സമുദായത്തെക്കുറിച്ചും പരിവര്‍ത്തിത ക്രൈസ്തവരെക്കുറിച്ചും പഠനം നടത്താന്‍ ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ ഇടതുസര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കേരള സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തില്‍പെട്ട ലത്തീന്‍ സമുദായത്തിന്റെയും പരിവര്‍ത്തിത ക്രൈസ്തവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനായി ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണ്. മുസ്‌ലിം സമുദായത്തോടൊപ്പം ഇതര ന്യൂനപക്ഷ സമുദായങ്ങളെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യാതൊരു പഠനം നടത്താന്‍ തയ്യാറാകാത്ത മുസ്‌ലിം ലീഗാണ് ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുള്ളത്.

സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 15 വര്‍ഷം കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ സര്‍വ്വേ നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.

Tags:    

Similar News