കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ തീരുമാനം സുപ്രീം കോടതിയുടെ ഒമ്പതംഗ ബഞ്ചിന്റെ വിധിക്ക് എതിരെന്ന് മെക്ക

.സുപ്രീം കോടതിയുടെ 16-11-92 ലെവിധിക്ക് എതിരും അപ്രായോഗികവുമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്ന് മെക്ക ജനററല്‍ സെക്രട്ടറി എന്‍ കെ അലി പറഞ്ഞു.

Update: 2019-01-07 12:32 GMT

കൊച്ചി: പത്തു ശതമാനം മുന്നോക്ക സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക) രംഗത്ത്.സുപ്രീം കോടതിയുടെ 16-11-92 ലെവിധിക്ക് എതിരും അപ്രായോഗികവുമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്ന് മെക്ക ജനററല്‍ സെക്രട്ടറി എന്‍ കെ അലി പറഞ്ഞു.ഭരണഘടനയുടെ 15 (4) ,16 (4) അനുഛേദപ്രകാരം സാമൂഹ്യമായും വിദ്യാഭ്യാസ പരമായും പിന്നാക്കം നില്‍്ക്കുന്നവര്‍ക്കും സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നോക്ക വിഭാഗങ്ങള്‍ക്കുമാണ് സംവരണം വ്യവസ്ഥ ചെയ്തിട്ടുള്ളത്.ഭരണഘടനാ ഭേദഗതിയിലൂടെ മണ്ഡല്‍ കേസിലെ ഒമ്പതംഗ ബഞ്ചിന്റെ വിധിയിലെ നിദ്ദേശങ്ങള്‍ക്കു വിരുദ്ധമായി സാമ്പത്തിക സംവരണംപ്രായോഗികമാവില്ലന്നും വ്യക്തമാണ്. മുന്നാക്ക വോട്ട് ലക്ഷ്യമിട്ടുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഇലക്ഷന്‍ തന്ത്രവും ഇരട്ടത്താപ്പുമാണിത്. നിലവിലെ സംവരണം സംരക്ഷിക്കുന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കാതെ സാമ്പത്തിക സംവരണ നീക്കം സംസ്ഥാന സര്‍ക്കാര്‍ പ്രോല്‍ാഹിപ്പിക്കുന്നത് സവര്‍ണ മുന്നോക്ക പ്രീണനവും പിന്നോക്ക വിരുദ്ധ നടപടിയുമാണ്.നരേന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട,് സച്ചാര്‍,പാലൊളി സമിതി റിപോര്‍ട്ടുകള്‍ എന്നിവ വെളിച്ചത്തു കൊണ്ടുവന്ന പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യ കുറവും സംവരണ നഷ്ടവും നികത്താത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവും വഞ്ചനയുമാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍എസ്എസും ബിജെപിയും ഒത്തുകളിച്ച് ധൃതിപിടിച്ചുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം എന്‍എസ്എസിനെയും മുന്നാക്ക ക്രിസ്ത്യാനികളെയും ബി ജെ പി സംഘ് പരിവാര്‍ പാളയത്തിലേക്ക് എത്തിക്കുന്നതിനുള്ള ഗൂഢാലോചനയും തന്ത്രവുമാണെന്നും മെക്ക വിലയിരുത്തി. ഭരണഘടനാ ഭേദഗതിയും തുടര്‍ നടപടിക്കും ശേഷം ഇതിനെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുന്ന കാര്യം മുഴുവന്‍ പിന്നോക്ക വിഭാഗങ്ങളും സംവരണ സമുദായങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കും. ഇതിനായി മെക്കയുടേയും സംവരണ സമുദായ മുന്നണിയുടേയും സംയുക്ത യോഗം 16 ന് എറണാകുളത്ത് ചേരുന്നതാണെന്നും എന്‍ കെ അലി പറഞ്ഞു.

Tags:    

Similar News