ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാറുകളിലും ഭക്ഷണം കഴിച്ച ശേഷം നല്‍കുന്ന ബില്ലില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. മറ്റു പേരുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കരുത്. ഭക്ഷണത്തിനൊപ്പം ബില്ലില്‍ ചേര്‍ത്ത് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഏതെങ്കിലും തരത്തില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍ നാഷനല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ ബന്ധപ്പെട്ട് പരാതി നല്‍കാവുന്നതാണ്. 1915 എന്ന നമ്പറില്‍ പരാതി നല്‍കാനായി വിളിക്കാം. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നതിനെതിരേ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. ഇതെത്തുടര്‍ന്നാണ് പുതിയ മാഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
സര്‍വീസ് ചാര്‍ജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍/ റെസ്‌റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കണം. അവരോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ സ്വമേധയാ ചാര്‍ജ് വര്‍ധിപ്പിക്കാനോ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. റസ്‌റ്റോറന്റുകളോടും ഹോട്ടലുകളോടും സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് സേവനങ്ങള്‍ക്കുള്ള നിരക്ക് 'നിയമപരമാണ്' എന്നായിരുന്നു നാഷനല്‍ റെസ്‌റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാദം.