വയനാട് ഉരുള്‍പൊട്ടല്‍; നഷ്ടമായ സര്‍ക്കാര്‍ രേഖകള്‍ ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നല്‍കി റവന്യൂ മന്ത്രി കെ രാജന്‍
മേപ്പാടി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്തത്തില്‍ നഷ്ടമായ സര്‍ക്കാര്‍ രേഖകള്‍ ഒരിടത്ത് ലഭിക്കുന്ന സംവിധാനം ഒരുക്കുമെന്ന് ഉറപ്പ് നല്‍കി റവന്യൂ മന്ത്രി കെ രാജന്‍. നഷ്ടമായ റവന്യൂ-സര്‍വകലാശാല രേഖകള്‍ അടക്കം എല്ലാ സര്‍ക്കാര്‍ രേഖകളും ലഭ്യമാക്കുമെന്നാണ് മന്ത്രി കെ രാജന്‍ അറിയിച്ചിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ നഷ്ടമായ എല്ലാവര്‍ക്കും അവരുടെ നിലവിലുണ്ടായിരുന്ന നമ്പറില്‍ തന്നെ കണക്ഷന്‍ എടുത്ത് ക്യാമ്പില്‍ എത്തിച്ചുകൊടുക്കുമെന്ന ഉറപ്പും മന്ത്രി കെ രാജന്‍ നല്‍കിയിട്ടുണ്ട്.
ഇനി പല ഓഫീസുകളില്‍ അവര്‍ക്ക് രേഖകള്‍ അന്വേഷിച്ച് പോകേണ്ടി വരില്ല. നമുക്ക് ഒരു സിംഗിള്‍ പോയിന്റില്‍ അവര്‍ക്ക് ആവശ്യപ്പെട്ട എന്ത് രേഖകളും കൊടുക്കാന്‍, ആവശ്യമെങ്കില്‍ ഒരു അദാലത്ത് ഉള്‍പ്പടെ കൊടുത്തു കൊണ്ട് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ കൊടുക്കാനുള്ള സംവിധാനം ജില്ല ഭരണകൂടം തന്നെയുണ്ടാക്കു'മെന്നും മന്ത്രി വ്യക്തമാക്കി. ' അതത് വകുപ്പുകളുമായി ഞങ്ങള്‍ തന്നെ ആലോചിച്ചുകൊള്ളാം. റവന്യുവിന്റെ മാത്രമല്ല മറ്റെല്ലാ മേഖലകളിലും നഷ്ടപ്പെട്ട രേഖകളെല്ലാം ഒരിടത്ത് തന്നെ ലഭിക്കുന്ന സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പാടാക്കും. റിക്കവറി കഴിഞ്ഞാല്‍ ആദ്യത്തെ നടപടി അതായിരിക്കും', മന്ത്രി പറഞ്ഞു.
ആളുകള്‍ നഷ്ടപ്പെട്ട മൊബൈലില്‍ ഉപയോഗിച്ച നമ്പറുകള്‍ വീണ്ടെടുത്ത് നല്‍കാനുള്ള സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. 'നിരവധിപേരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായിട്ടുണ്ട്. അവര്‍ക്ക് മൊബൈല്‍ ഫോണ്‍ തിരിച്ചുകൊടുക്കുക മാത്രമല്ല, നഷ്ടപ്പെട്ട നമ്പര്‍ ഓര്‍മ്മയുണ്ടെങ്കില്‍, അവരുടെ വിരലടയാളത്തിലൂടെ നമ്പര്‍ തിരിച്ചെടുക്കാന്‍ കഴിയുമെങ്കില്‍ ഉച്ചയ്ക്ക് ശേഷം തന്നെ എല്ലാ ക്യാമ്പുകളിലും പ്രത്യേക സംവിധാനത്തെ അണിനിരത്തിക്കൊണ്ട് മൊബൈല്‍ നമ്പര്‍ പുനസ്ഥാപിക്കാനുള്ള എല്ലാ നടപടിയും ആരംഭിക്കുമെന്നും ഉറപ്പ് നല്‍കി. അതിന് വേണ്ടി പ്രത്യേകം കൗണ്ടറുകളും സജ്ജീകരിക്കും' കെ രാജന്‍ വ്യക്തമാക്കി.