തൃശൂര്‍: കേരളത്തില്‍ എല്ലാ വില്ലേജുകളും സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍. റവന്യൂ, സര്‍വേ,ഭവന നിര്‍മാണ വകുപ്പിന്റെ നൂറുദിനങ്ങളുടെ ഭാഗമായി ഫേസ്ബുക്ക് പേജിലൂടെ സംവദിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളും ആധുനികമായ രീതിയില്‍ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് സര്‍ക്കാര്‍ പുതിയ രൂപരേഖ തയ്യാറാക്കും. വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ മൊബൈല്‍ ഫോണിലൂടെ എടുക്കാവുന്ന സംവിധാനവും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് റവന്യൂ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.
റവന്യൂ, സര്‍വേ, ഭവന നിര്‍മാണ വകുപ്പുകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താനും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാനും വേണ്ടി റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ആഴ്ചയില്‍ ഒരിക്കല്‍ റവന്യൂ സെക്രട്ടറിയേറ്റ് ചേരും. വകുപ്പിലെയും മറ്റു പ്രധാന വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ് യോഗം ചേരുക.
ഇതിന്റെ ഭാഗമായി വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഒഴിവാക്കാനാകും. സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ 693
ഒഴിവുകള്‍ റവന്യൂ വകുപ്പില്‍ നിന്ന് പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി എന്നും മന്ത്രി പറഞ്ഞു.
റവന്യൂ വകുപ്പിനെ അഴിമതി രഹിതമാക്കുന്ന പ്രവര്‍ത്തനം സംഘടിപ്പിക്കും. ഇതിനായി കൂട്ടായ ശ്രമത്തിലൂടെ ഏകോപനമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.