2018നു ശേഷം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ധിച്ചെന്ന് റവന്യുമന്ത്രി

Update: 2021-10-03 10:12 GMT

തൃശൂര്‍: 2018 ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഗതിവേഗം വര്‍ധിച്ചെന്ന് റവന്യൂമന്ത്രി കെ രാജന്‍. ഉണ്ടാകാന്‍ പോകുന്ന അപകടങ്ങളെ നേരത്തെ തിരിച്ചറിയുക എന്ന ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും അതിനാവശ്യമായ ഹോം വര്‍ക്കുകളും നടത്തിയാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ആദ്യത്തെ സൈക്ലോണ്‍ അഭയകേന്ദ്രം അഴീക്കോട് മേനോന്‍ ബസാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അപകടം ഉണ്ടാകാനിടയുള്ള പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ സഹകരണത്തോടെ തന്നെ കുറഞ്ഞ കാലയളവില്‍ ദുരന്തത്തിന്റെ ഉത്ഭവം കണ്ടെത്തി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഓറഞ്ച് ബുക്ക് തയ്യാറാക്കിയിട്ടുണ്ട്. അപകടസാധ്യത പ്രദേശങ്ങളെ റെഡ് സോണായി അടയാളപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും റവന്യൂ വകുപ്പും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ദുരന്തങ്ങളെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തീരദേശത്തുള്ളവര്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ടെട്രാപാഡുകള്‍ ഉപയോഗിച്ച് കുറഞ്ഞ കാലയളവില്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി തീരദേശത്തെ കടല്‍ക്ഷോഭങ്ങള്‍ക്ക് അറുതി വരുത്താനുള്ള ശ്രമങ്ങള്‍ അതിവേഗം നടന്നുവരികയാണ്. പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെട്ട് മാറ്റിപ്പാര്‍പ്പിക്കപ്പെട്ട രജിസ്റ്റര്‍ ചെയ്ത ഭൂമിയുണ്ടായിരുന്ന മത്സ്യതൊഴിലാളികളുടെ സ്ഥലങ്ങള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളൊഴിച്ച് അവര്‍ക്ക് തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭയകേന്ദ്രത്തിന്റെ താക്കോല്‍ദാനകര്‍മ്മം തഹസില്‍ദാര്‍ കെ രേവ, അഴീക്കോട് വില്ലേജ് ഓഫിസര്‍ റസിയ എന്നിവര്‍ക്ക് നല്‍കി മന്ത്രി നിര്‍വ്വഹിച്ചു. 

Tags:    

Similar News