കൊവിഡ് പ്രതിസന്ധിക്കിടയിലും വ്യവസായ മേഖലയില്‍ പുത്തനുണര്‍വ്; സൂക്ഷ്മ ചെറുകിട മേഖലയില്‍ കോഴിക്കോട് ജില്ലയില്‍ 91 കോടിയുടെ നിക്ഷേപം

Update: 2021-12-09 11:59 GMT

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിക്കിടയിലും കോഴിക്കോട് ജില്ലയിലെ വ്യവസായ മേഖലയില്‍ പുത്തനുണര്‍വ്. ഈ സാമ്പത്തികവര്‍ഷം ഇതുവരെ ജില്ലയില്‍ സൂക്ഷ്മ ചെറുകിട മേഖലയില്‍ (എം.എസ്.എം.ഇ ) 91 കോടിയുടെ നിക്ഷേപമുണ്ടായതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. 822 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. ഈ യൂണിറ്റുകളില്‍ മൊത്തം 2,758 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. കൊവിഡ് കാരണം പ്രതിസന്ധി നേരിട്ട ചില വ്യവസായ യൂനിറ്റുകള്‍ പ്രതിസന്ധി കുറഞ്ഞതോടെ വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്.

ഈ വര്‍ഷം ജില്ലയില്‍ കാര്‍ഷിക ഭക്ഷ്യാധിഷ്ഠിത മേഖലയില്‍ 285 പ്രധാന വ്യവസായ യൂണിറ്റുകള്‍ ആരംഭിച്ചു. സേവന മേഖല 208, ജനറല്‍ എഞ്ചിനിയറിംഗ് 63, ടെക്സ്റ്റയില്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് 54, സിമന്റ് ഉല്‍പ്പന്നങ്ങള്‍ 33, മരാധിഷ്ഠിത മേഖല 23, പ്രിന്റിംഗ് 20, ഐ.ടി ആന്‍ഡ് ഐ ടി ഇ എസ് 19, ലെതര്‍ പ്രൊഡക്‌സ് 18, പേപ്പര്‍ പ്രൊഡക്ട്‌സ് ഞാന്‍ 14 എന്നിങ്ങനെയുമാണ് യൂനിറ്റുകള്‍ ആരംഭിച്ചത്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സ്‌കീമില്‍ (ഇഎസ്എസ്) 51 യൂണിറ്റുകള്‍ക്ക് 295 ലക്ഷം രൂപ സബ്‌സിഡി നല്‍കി. പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി പ്രകാരം 90 യൂണിറ്റുകള്‍ക്ക് 214 ലക്ഷം രൂപ സബ്‌സിഡിയായി അനുവദിക്കുകയും ചെയ്തു. കൊവിഡ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇന്ററസ്റ്റ് സബ് വെന്‍ഷന്‍ പദ്ധതി പ്രകാരം 168 അപേക്ഷകള്‍ക്ക് 17 ലക്ഷം രൂപയും അനുവദിച്ചു. 

Tags:    

Similar News