തൊഴിലുറപ്പ് പദ്ധതി: കൊവിഡ് പ്രതിസന്ധിക്കിടയിലും കോട്ടയം ജില്ലയ്ക്ക് റെക്കോര്‍ഡ് നേട്ടം
കോട്ടയം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം(2020-21) കോട്ടയം ജില്ലയില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സൃഷ്ടിച്ചത് 50,23,338 തൊഴില്‍ ദിനങ്ങള്‍. പദ്ധതിയില്‍ ഇതുവരെ ജില്ലയില്‍ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. 62,95,000 തൊഴില്‍ ദിനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇതിന്റെ 79.8 ശതമാനം കൈവരിക്കാനായത് ശ്രദ്ധേയമായി. 201920 വര്‍ഷത്തില്‍ 38,43,602 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം 25512 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചു. 67.24 ആണ് ജില്ലയിലെ ശരാശരി. മുന്‍ സാമ്പത്തിക വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 13040 കുടുംബങ്ങള്‍ക്ക് കൂടുതലായി തൊഴില്‍ നല്‍കാനായി. ആകെ 74712 കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും, അഭ്യസ്ത വിദ്യരായ യുവാക്കളും ഇക്കാലയളവില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ സജീവമായിരുന്നു.
ജില്ലയില്‍ 18നും 35നും ഇടയില്‍ പ്രായമുള്ള 1279 പേര്‍ പുതിയതായി പദ്ധതി പ്രവൃത്തികളില്‍ പങ്കാളികളായി. തൊഴില്‍ ചെയ്യാന്‍ സന്നദ്ധരായ യുവാക്കള്‍ക്ക് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തന്നെ തൊഴില്‍ പരിശീലനം നല്‍കിവരുന്നു. അര്‍ധവിദഗ്ധ, വിദഗ്ധ തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് 750 രൂപ മുതല്‍ ആയിരം രൂപ വരെ വേതനം ലഭിക്കും. സുഭിക്ഷ കേരളം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ടുപോവുന്നതിനും ഇതുവഴി സാധിക്കുന്നുണ്ട്.
ജില്ലയില്‍ 64 ഗ്രാമപ്പഞ്ചായത്തുകളിലെ 728 പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുകയും 388 പേരെ തൊഴിലാളികളാക്കി മാറ്റുകയും ചെയ്തു. വേതനമായി 14,719.1 ലക്ഷം രൂപയും, മെറ്റീരിയല്‍ ഫണ്ട് ഇനത്തില്‍ 3,962.95 ലക്ഷം രൂപയും ചെലവഴിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 1415 കാലിത്തൊഴുത്തുകള്‍, 1856 ആട്ടിന്‍കൂടുകള്‍, 1965 കോഴിക്കൂടുകള്‍, 494 ഫാംപോണ്ടുകള്‍, 445 അസോള ടാങ്കുകള്‍, 553 കിണര്‍ റീചാര്‍ജ്ജിംഗ്, 16 എസ്.എച്ച്.ജി വര്‍ക്ക് ഷെഡ്, 595 തീറ്റപ്പുല്‍കൃഷിയിടങ്ങള്‍ എന്നിവ ഏറ്റെടുത്ത് നടപ്പാക്കി.
ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി 2364 കമ്പോസ്റ്റ് പിറ്റുകളുടെയും 2367 സോക് പിറ്റുകളുടെയും 925 മിനി എം.സി.എഫുകളുടെയും നിര്‍മ്മാണവും ഏറ്റെടുത്തു. തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് ഏറ്റവുമധികം മിനി എം.സി.എഫുകളും അസോള ടാങ്കുകളും നിര്‍മിച്ചത് കോട്ടയം ജില്ലയിലാണ്. സുഭിക്ഷകേരളം ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പു പദ്ധതിയില്‍ പ്രവൃത്തികള്‍ ഏറ്റെടുത്തതില്‍ ജില്ല ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഇനി ഞാന്‍ ഒഴുകട്ടെ കാംയിന്റെ ഭാഗമായി ജില്ലയില്‍ തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് 83 തോടുകള്‍ വീണ്ടെടുക്കുകയും 960 ഹെക്ടറോളം തരിശ് ഭൂമി കൃഷിക്ക് ഉപയുക്തമാക്കുകയും ചെയ്തു. സമയബന്ധിതമായി വേതനം നല്‍കുന്നതില്‍ മികച്ചനേട്ടം (99.75%) കൈവരിച്ച് ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്. കോട്ടയം ജില്ലയിലെ മാടപ്പള്ളി ബ്ലോക്ക് സമയബന്ധിതമായി വേതന വിതരണം നടത്തുന്നതില്‍ 100 ശതമാനം നിലനിര്‍ത്തി. ജിയോടാഗിംഗ് രണ്ടു ഘട്ടങ്ങളിലും കോട്ടയത്തിന് ഒന്നാം സ്ഥാനമുണ്ട്.
സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ തണലോരം പദ്ധതിയില്‍ ജില്ലയില്‍ ഏകദേശം 2,14,900 വൃക്ഷത്തൈകള്‍ നടുകയും മൂന്നു വര്‍ഷത്തെ പരിപാലനം ഏറ്റെടുക്കുകയും ചെയ്തു. 2021 ഫെബ്രുവരി മാസത്തില്‍ ജില്ലയില്‍ നടന്ന കയര്‍ ഭൂവസ്ത്ര സെമിനാറില്‍ 10,00,000 ചതുരശ്ര മീറ്റര്‍ കയര്‍ ഭൂവസ്ത്രം തൊഴിലുറപ്പ് പദ്ധതിയില്‍ വാങ്ങി ഉപയോഗിക്കുന്നതിന് കരാറായിട്ടുണ്ട്.
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ വിവരങ്ങള്‍ ചുവടെ. ബ്ലോക്ക്, തൊഴില്‍ ലഭിച്ച കുടുംബങ്ങള്‍, സൃഷ്ടിച്ച തൊഴില്‍ ദിനങ്ങള്‍ എന്ന ക്രമത്തില്‍. ഈരാറ്റുപേട്ട 5444, 379297, ഏറ്റുമാനൂര്‍ 8987, 617238,കടുത്തുരുത്തി6495,426385, കാഞ്ഞിരപ്പള്ളി10203,719933, ളാലം5123, 323634, മാടപ്പള്ളി4949, 268192, പള്ളം4987,316013, പാമ്പാടി4619,278605, ഉഴവൂര്‍6016,410683, വൈക്കം13238,957843, വാഴൂര്‍4651,325515.