കൊച്ചി: ഇന്നലെ അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം. മരണശേഷം നടത്തിയ പരിശോധനയില്‍ റിസബാവക്ക് കൊവിഡ് പോസീറ്റീവ് ആയിരുന്നെന്ന് തെളിഞ്ഞിരുന്നു. ഇതോടെ നിശ്ചയിച്ചിരുന്ന പൊതുദര്‍ശനം അടക്കമുളളവ ഒഴിവാക്കി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി കൊച്ചി കലക്ടര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
വ്യക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ഇന്നലെ കൊച്ചിയിലെ ആശുപത്രിയില്‍ 55കാരനായ റിസബാവയുടെ അന്ത്യം. രണ്ടുദിവസം മുമ്പുണ്ടായ ഹൃദയാഘാതമാണ് ആരോഗ്യനില കൂടുതല്‍ വഷളാക്കിയത്. നേരത്തെ തന്നെ വൃക്ക സംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു.
നൂറ്റി ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ച റിസബാവയെ മലയാളികള്‍ ഏറ്റവുമധികം ഓര്‍ക്കുക സിദ്ധിഖ് ലാല്‍ കൂട്ടുകെട്ടില്‍പ്പിറന്ന ഇന്‍ ഹരിഹര്‍ നഗര്‍ ചിത്രത്തിലെ ജോണ്‍ ഹോനായി എന്ന വില്ലനിലൂടെയാകും. പിന്നീടുളള വര്‍ഷങ്ങള്‍ നിരവധി സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങി. ഡബ്ബിങ് ആര്‍ടിസ്റ്റ് കൂടിയായിരുന്നു. പ്രണയം സിനിമയില്‍ അനുപം ഖേറിന് ശബ്ദം നല്‍കിയാണ് ഡബ്ബിങ്ങിലേക്ക് തിരിഞ്ഞത്. 2010ല്‍ മികച്ച ഡബിങ് കലാകാരനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. രണ്ടായിരത്തിനുശേഷമാണ് സീരിയലുകളിലേക്ക് ചേക്കേറിയത്. ഇരുപതിലധികം സീരിയലുകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തതോടെ കുടുംബസദസുകള്‍ക്കും പ്രിയങ്കരനായി.