അനുമതിയില്ലാതെ റോഡ് ഷോ; ചെര്‍പ്പുളശേരിയില്‍ 50ഓളം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസ്
ചെര്‍പ്പുളശ്ശേരി: നവാഗതരെ വരവേല്‍ക്കാന്‍ അനുമതിയില്ലാതെ റോഡ് ഷോ നടത്തുന്നതിനിടയില്‍ അടിപിടി ഉണ്ടാക്കിയ 50ഓളം വിദ്യാര്‍ഥികള്‍ക്കെതിരെ പൊലിസ് കേസ് എടുത്തു. അന്‍പതോളം വാഹനങ്ങള്‍ പോലിസ് കസ്റ്റഡിയിലെടുത്തു.
ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഹെല്‍മെറ്റും മാസ്കും ധരിക്കാതെ മൂന്നുപേരെ ഇരുത്തി വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും തടസ്സമുണ്ടാക്കി റോഡ് ഷോ നടത്തിയത്.
കോളേജ് ആരംഭിച്ചത് മുതല്‍ നാട്ടുകാരുടെയും സമീപവാസികളുടെയും ധാരാളം പരാതികള്‍ പോലിസ് സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. കോളേജിലേക്ക് അമിതവേഗതയോടു കൂടി കുട്ടികള്‍ പോകുന്നതും അപകടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിക്കുന്നതും പോലിസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ സൂക്ഷിച്ചിരിക്കയാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ തുടര്‍നടപടികള്‍ കോടതി മുഖേന സ്വീകരിക്കുമെന്ന് പോലിസ് പറഞ്ഞു.