ദുബായ്: മുന്‍ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോക്ക് യുഎഇ- ഗോള്‍ഡന്‍ വീസ അനുവദിച്ചു. പത്തു വര്‍ഷത്തെ വിസയാണ് അനുവദിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിര ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായിരുന്നു റൊണാള്‍ഡീഞ്ഞോ. ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയിലൂടെ കരിയര്‍ തുടങ്ങിയ താരം പിഎസ്ജി, ബാര്‍സിലോന, എസി മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടി കളിച്ചു. ചാംപ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള ക്ലബ് കിരീടങ്ങള്‍ നേടി.ബ്രസീലിന്റെ 2002 ലോകകപ്പ് നേട്ടത്തില്‍ പ്രധാന പങ്കു വഹിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കരിയില കിക്കിലൂടെ നേടിയ ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ഗോളുകളിലൊന്നാണ്. 2005ല്‍ ലോക ഫുട്‌ബോളര്‍ക്കുള്ള ബലോന്‍ ദ് ഓര്‍ പുരസ്‌കാരവും നേടി.ബ്രസീലിനായി 101 മല്‍സരങ്ങളില്‍ 35 ഗോളുകള്‍ നേടിയിട്ടുണ്ട്. 2015 കളി നിര്‍ത്തിയെങ്കിലും 2018 ലാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ നിന്ന് റൊണാള്‍ഡിഞ്ഞോ വിരമിക്കുന്നത്.
കഴിഞ്ഞ ദിവസം ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫിസില്‍ എത്തിയ താരത്തെ- മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റിയും ഉപമേധാവി മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂറും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. മേജര്‍ ജനറല്‍ അല്‍ മര്‍റി പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ അടിച്ച പാസ്‌പോര്‍ട്ട് താരത്തിന് കൈമാറി
യുഎഇയില്‍ 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വീസാ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പ്രമുഖ വ്യക്തികള്‍ക്ക് ഇത്തരത്തിലുള്ള വീസാ അനുവദിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍പെട്ടവര്‍ സമൂഹത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് യുഎഇ ഇത്തരം വീസാകള്‍ നല്‍കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫിഗോ, പോള്‍ പോഗ്ബ, റോബര്‍ട്ടോ കാര്‍ലോസ്, റൊമാലു ലുകാകു, ഡിഡിയര്‍ ഡ്രോഗ്ബ മിറാലെം പിജാനിക്, ലോക ഒന്നാം നമ്പര്‍ ടെന്നീസ് കളിക്കാരന്‍ നൊവാക് ജോക്കോവിച്ച്, കാമറൂണ്‍ ഫുട്‌ബോള്‍ താരം സാമുവല്‍ എറ്റോ തുടങ്ങിയവര്‍ക്കെല്ലാം മുന്‍പ് യുഎഇ ഗോള്‍ഡന്‍ റെസിഡന്‍സി അനുവദിച്ചിരുന്നു.