'ആര്‍എസ്എസ് ഭീകര സംഘടന' എന്നെഴുതിയ കാര്‍ പോലിസ് കസ്റ്റഡിയില്‍; കസ്റ്റഡിയിലെടുത്തത് പഞ്ചാബ് സ്വദേശിയുടെ കാര്‍
750ലധികം കര്‍ഷകരെ മോഡി കൊന്നു, ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ യോഗി സര്‍ക്കാര്‍ കൊലപ്പെടുത്തി തുടങ്ങിയ വാചകങ്ങളും കാറിന് പുറത്ത് എഴുതിയിട്ടുണ്ട്
തിരുവനന്തപുരം: 750ലധികം കര്‍ഷകരെ മോഡി കൊന്നു തുടങ്ങിയ വാചകങ്ങളെഴുതിയ കാര്‍ പോലിസ് കസ്റ്റഡിയില്‍. പഞ്ചാബ് സ്വദേശി ഓംകാറിന്റെ തിരുവനന്തപുരം പട്ടത്ത് ഉപേക്ഷിച്ച ടാറ്റാ ഇന്‍ഡിക്ക കാറാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. യുപി രജിസ്‌ട്രേഷന്‍ കാറാണ് സ്വകാര്യ ഹോട്ടലിന് മുന്നില്‍ നിന്ന് പോലിസ് കസ്റ്റഡിയിലെടുത്തത്.
ലഖിംപൂര്‍ ഖേരിയിലെ കര്‍ഷകരെ യോഗി സര്‍ക്കാര്‍ കൊന്നു, ആര്‍എസ്എസ് ഭീകര സംഘടന, കിസാന്‍ മസ്ദൂര്‍ ഏക്താ സിന്ദാബാദ്, നോ ഫാര്‍മര്‍ നോ ഫുഡ് തുടങ്ങിയ വാചകങ്ങളാണ് കാറില്‍ കുറിച്ചിരുന്നത്.
കര്‍ഷക സമരം, പുല്‍വാമ ആക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്എസിനും എതിരായ വാചകങ്ങളും കാറിന് പുറത്ത് എഴുതിയിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ ഹോട്ടലിലേക്ക് പഞ്ചാബ് സ്വദേശി കാറില്‍ എത്തിയത്. ഹോട്ടലില്‍ മദ്യം ആവശ്യപ്പെട്ടാണ് പഞ്ചാബ് സ്വദേശി എത്തിയത്. എന്നാല്‍, പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനാല്‍ മദ്യം നല്‍കിയില്ലെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.
അതിനിടെ, ഹോട്ടല്‍ അധികൃതര്‍ പോലിസിനെ വിവരമറിയിച്ചതോടെ പഞ്ചാബ് സ്വദേശി കാര്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ കയറിപ്പോയി.
കാര്‍ സ്‌റ്റേഷനിലേക്ക് മാറ്റി പോലിസ് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളില്‍ പഴകിയ വസ്ത്രങ്ങളും കേബിളുകളുമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിനായി പട്ടം പോലിസ് തെരച്ചില്‍ തുടങ്ങി.