സന്ദീപിന്റേത് ക്രൂരമായ കൊലപാതകം; പിന്നില്‍ ആര്‍എസ്എസ്-ബിജെപി സംഘമെന്നും കോടിയേരി

ന്യൂനപക്ഷ സംരക്ഷണമുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ ഏഴിന് എല്ലാ ജില്ലാ, ഏരിയ തലങ്ങളിലും പ്രതിഷേധപരിപാടി സംഘടിപ്പിക്കും. പാര്‍ട്ടി ദേശവ്യാപമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമാണിത്.

Update: 2021-12-03 13:14 GMT

തിരുവനന്തപുരം: തിരുവല്ലയില്‍ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്-ബിജെപി സംഘമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റേത് ആസൂത്രിതവും ക്രൂരവുമായ കൊലപാതകമാണ്. സന്ദീപ് ജനകീയനായ നേതാവായിരുന്നു. ആസൂത്രിതമായ കൊലപാതകത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണം.

എന്നാല്‍, കൊലക്ക് പകരം കൊല എന്നത് സിപിഎം മുദ്രാവാക്യമല്ല. ആര്‍എസ്എസ് പ്രകോപനത്തില്‍ പെട്ടുപോകരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി ചുമതലയില്‍ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം സമാധാനപരമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. 2016ന് ശേഷം 20സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ 15പേരെയും കൊന്നത് ആര്‍എസ്എസാണ്. അന്വേഷണം പൂര്‍ത്തിയാകും മുമ്പുള്ള പോലിസ് പ്രതികരണം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും എസ്ഡിപിഐയും പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയാണ്. ഡിസംബര്‍ ഒന്നിന് തലശ്ശേരിയില്‍ ആര്‍എസ്എസ് പ്രകോപനമുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരേ എസ്ഡിപിഐയും രംഗത്തിറങ്ങി. ഇരുകൂട്ടരും വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ന്യൂനപക്ഷ സംരക്ഷണമുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ ഏഴിന് എല്ലാ ജില്ലാ, ഏരിയ തലങ്ങളിലും പ്രതിഷേധപരിപാടി സംഘടിപ്പിക്കും. പാര്‍ട്ടി ദേശവ്യാപമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമാണിത്. ക്രിസ്ത്യന്‍, മുസലിം,ദലിത് വിഭാഗങ്ങള്‍ക്കെതിരേ രാജ്യത്ത് അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. പശുസംരക്ഷണം, ലൗ ജിഹാദ് എന്നിവ ഉയര്‍ത്തിയാണ് അക്രമം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ക്രിസ്തീയ ആരാധനാലയങ്ങള്‍ക്കെതിരെ 300ല്‍പരം അക്രമങ്ങള്‍ നടന്നതായി മനുഷ്യാവകാശ സംഘടനകള്‍ റിപോര്‍ട്ട് ചെയ്യുന്നു. പ്രാര്‍ത്ഥന യോഗങ്ങള്‍ വരെ നടത്താന്‍ കഴിയുന്നില്ല. അസമില്‍ ദരിദ്രകുടുംബങ്ങള്‍ വര്‍ഷങ്ങളായി വീടുകെട്ടി സംരക്ഷിച്ച് കൃഷി ചെയ്തിരുന്ന ഭൂമി ബലം പ്രയോഗിച്ചൊഴിപ്പിക്കാന്‍ വലിയ ബലപ്രയോഗം അവിടെ നടത്തി. ന്യൂനപക്ഷമായതിനാല്‍ കൃഷി ചെയ്ത് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ. ഉത്തര്‍പ്രദേശിലും മുസ്‌ലിംങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ശക്തിപ്പെടുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ മധുര കേന്ദ്രീകരിച്ച് വ്യാപകമായ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം നടക്കുകയാണ്. സ്റ്റാന്‍ സ്വാമിയെ മാവോവാദി മുദ്രകുത്തി ജയിലില്‍ അടച്ചത് ക്രിസ്തീയ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കുദാഹരമാണെന്നും കോടിയേരി പറഞ്ഞു.

വഖഫ് നിയമം നിയമസഭ പാസ്സാക്കിയതാണ്. മുസ്‌ലിം സംഘടനകളുടെ ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ആരാധനയങ്ങളെ പ്രതിഷേധ കേന്ദ്രമാക്കുന്നതിനെതിരേയുള്ള സമസ്ത നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

പെരിയ കേസില്‍ ചില കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനനുസരിച്ചാണ് സിബിഐ നീങ്ങുന്നതെന്നും കോടിയേരി ആരോപിച്ചു.

Tags:    

Similar News