'ചെങ്കോട്ടയില്‍ കാവിക്കൊടിയുയര്‍ത്തും, കാവിക്കൊടിയെ ദേശീയപതാകയാക്കും'; വര്‍ഗീയ പരാമര്‍ശവുമായി കര്‍ണാടക മന്ത്രി
ബെംഗളൂരു; ഒരു ദിവസം ചെങ്കോട്ടയില്‍ കാവിപ്പതാകയുയര്‍ത്തുമെന്ന് കര്‍ണാടക പഞ്ചായത്തിരാജ് ഗ്രാമവികസന വകുപ്പ് മന്ത്രി കെ എസ് ഈശ്വരപ്പ. ഹിജാബ് നിരോധനത്തിനെതിരേയുള്ള പ്രതിഷേധത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ വര്‍ഗീയ പരാമര്‍ശം. ഒരുനാള്‍ കാവിപ്പതാകയെ ദേശീയപതാകയായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
'ഞങ്ങള്‍ ഏത് പോസ്റ്റിലും കാവിപ്പതാകയുയര്‍ത്തും. വിവേകമുള്ളവര്‍ അതിനെ മാനിക്കണം. നേരത്തെ, അയോധ്യയില്‍ ശ്രീരാമക്ഷേത്രം പണിയുമെന്ന് പറഞ്ഞപ്പോള്‍ ആളുകള്‍ ചിരിച്ചു, ഇപ്പോള്‍ അയോധ്യയില്‍ ക്ഷേത്രം പണിതില്ലേ? '- ലോകത്തിന്റെ ഏത് കോണിയും കാവിപ്പതാക ഉയര്‍ത്താന്‍ തങ്ങള്‍ക്കാവുമെന്നും കാവിഷാള്‍ പുതക്കുകയെന്നത് തങ്ങളുടെ താല്‍പര്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാവിഷാളുകള്‍ ബിജെപി നേതാക്കളാണ് വിതരണം ചെയ്തതെന്ന കോണ്‍ഗ്രസ് ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഷാളുകള്‍ വിതരണം ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് പ്രസിഡന്റ് ഡി കെ ശിവ്കുമാറിന്റെ ആരോപണം മന്ത്രി തള്ളി.
'യൂനിഫോം ഇല്ലാതെ ക്രിസ്ത്യന്‍ സ്‌കൂളിലേക്ക് പോകാനാവുമോ? ശിവ് കുമാര്‍ ഉത്തരം പറയണം. ഞാന്‍ കാവി ഷാള്‍ വിതരണം ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ സ്വതന്ത്ര ഇന്ത്യയിലാണ് ജീവിക്കുന്നത്. എന്റെ സ്വാതന്ത്ര്യത്തെ ആരാണ് ചോദ്യം ചെയ്യുന്നത്? ഞാനല്ല ഷാള്‍ വിതരണം ചെയ്തത്. വിതരണം ചെയ്തിരുന്നെങ്കില്‍ത്തന്നെ അതില്‍ എന്താണ് തെറ്റ്'- മന്ത്രി ചോദിച്ചു.
വേണ്ടിവന്നാല്‍ ഹിജാബുമായി താന്‍ നിയമസഭാ സമ്മേളനത്തിനെത്തുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് എംഎല്‍എ കനീസ് ഫാത്തിമയോട് പളളിയില്‍ പോകാന്‍ ധൈര്യമുണ്ടോഎന്നും മന്ത്രി വെല്ലുവിളിച്ചു. ഹിജാബ് ധരിച്ചെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി അറിയിച്ചു .
ദേശീയ പതാകക്കെതിരേയുള്ള മന്ത്രിയുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. ത്രിവര്‍ണപതാകയെ ആര്‍ക്കും മാറ്റാനാവില്ലെന്ന് മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു.
'അത് എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്നു. ആര്‍ക്കും അതിനെ താഴെയിറക്കാന്‍ കഴിയില്ല. രാഷ്ട്രീയം കളിക്കാന്‍ കുട്ടികളെ ഉപയോഗിക്കരുത്'- കുമാരസ്വാമി കുറ്റപ്പെടുത്തി.
ഉഡുപ്പിയിലെ പ്രീയൂനിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ച മുസ് ലിം പെണ്‍കുട്ടികളെ പഠിക്കാനനുവദിക്കാത്തതിനെതിരേ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. അതിനിടയില്‍ കാവിഷാളുമായി ഹിന്ദുത്വ വിദ്യാര്‍ത്ഥികളെത്തിയത് സംഘര്‍ഷത്തിനു കാരണമായി.