'ദേശീയപതാകയെ അംഗീകരിക്കാത്ത ബിജെപിക്ക് പാകിസ്താനിലേക്ക് പോവാം'; രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ
ബെംഗളൂരു: ദേശീയ പതാകയെയും ഇന്ത്യന്‍ ഭരണഘടനയെയും രാജ്യത്തിന്റെ സമഗ്രതയെയും അംഗീകരിക്കാത്ത ബിജെപിക്കാര്‍ക്ക് പാകിസ്താനിലേക്ക് പോവാമെന്ന് കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. കര്‍ണാടകയില്‍ മാണ്ഡ്യ ജില്ലയിലെ കെറഗോഡ് വില്ലേജ് പരിധിയിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ 108 അടി ഉയരമുള്ള കൊടിമരത്തില്‍ ഹനുമാന്റെ ചിത്രമുള്ള കാവി പതാക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിക്കവേയാണ് ബിജെപിക്കെതിരെ മന്ത്രി ആഞ്ഞടിച്ചത്. ബിജെപിയുടെ ഗൂഢാലോചനകള്‍ക്കും തന്ത്രങ്ങള്‍ക്കും മുന്നില്‍ തങ്ങളൊരിക്കലും മുട്ടുമടക്കില്ലെന്നും. അതിനെ ഫലപ്രദമായി നേരിടും.
ത്രിവര്‍ണ പതാകയെ വെറുക്കുന്ന ആര്‍എസ്എസിനെ പോലെ, ആര്‍എസ്എസ് പരിശീലിപ്പിക്കുന്ന ബിജെപിയും ദേശീയ പതാകയെ വെറുക്കുന്നവരാണ്. അതിനെ ബഹുമാനിക്കുന്നതിനു പകരം ബിജെപി അവമതിക്കുകയാണെന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖാര്‍ഗേ പറഞ്ഞു. 'മിസ്റ്റര്‍ വിജയേന്ദ്രാ (സംസ്ഥാന ബിജെപി പ്രസിഡന്റ് ബി വൈ വിജയേന്ദ്ര), ആ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തുകയെന്ന ഉദ്ദേശ്യം ഞങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങള്‍ എന്തിനാണ് അരിശം കൊള്ളുന്നത്? ദേശീയ പതാകയോടുള്ള നിങ്ങളുടെ വെറുപ്പ് സാക്ഷ്യപ്പെടുത്തുന്നത് ബിജെപി രാജ്യവിരുദ്ധരാണെന്നതാണ്. കര്‍ണാടകയിലെ തീരദേശ മേഖലയെ ഹിന്ദുത്വയുടെ പരീക്ഷണശാലയാക്കിയ ബിജെപിയും സംഘപരിവാറും മാണ്ഡ്യ ജില്ലയിലും ഹിന്ദുത്വയുടെ പരീക്ഷണത്തിന് തുടക്കമിട്ടതായി മന്ത്രി ചൂണ്ടിക്കാട്ടി.
സമൂഹം സമാധാനത്തോടെ മുന്നേറുമ്പോള്‍ ബിജെപിക്ക് ഒരു സമാധാനവുമുണ്ടാവില്ല. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള തറവേലകളാണ് ബിജെപി നേതാക്കള്‍ മാണ്ഡ്യയില്‍ നടത്തുന്നത്. പ്രതിപക്ഷ നേതാവെന്ന സ്ഥാനത്തിന് ഒരു മാന്യതയുണ്ട്. എന്നാല്‍, അതിനെ മാനിക്കാത്ത രീതിയിലുള്ള പ്രവര്‍ത്തികളാണ് ആ സ്ഥാനത്തിരിക്കുന്ന അശോക നടത്തുന്നത്. അശോകയും വിജയേന്ദ്രയും അറിയേണ്ട ചില കാര്യങ്ങളുണ്ട്. ആ ഭൂമിയില്‍ കൊടിമരം സ്ഥാപിക്കുന്നതിന് 2023 ഡിസംബര്‍ 29ന് അപേക്ഷ സമര്‍പ്പിച്ച വേളയില്‍ ഗൗരിശങ്കര്‍ സേവ ട്രസ്റ്റ് നല്‍കിയ രേഖാമൂലമുള്ള ഉറപ്പ് ദേശീയ പതാകയും സംസ്ഥാന പതാകയും മാത്രമേ ഉയര്‍ത്തൂ എന്നാണ്. ജനുവരി 17ന് ഇക്കാര്യം വീണ്ടും അംഗീകരിച്ച് അവര്‍ കത്ത് നല്‍കിയിട്ടുണ്ട്. മതപരമോ രാഷ്ട്രീയപരമോ ആയ കൊടികള്‍ ഉയര്‍ത്തില്ലെന്ന് അവര്‍ വളരെ കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും പ്രിയങ്ക് ഖാര്‍ഗേ പറഞ്ഞു.
ദേശീയപതാകയും സംസ്ഥാന പതാകയും മാത്രം ഉയര്‍ത്താനാണ് ജനുവരി 18ന് കെറഗോഡ് ഗ്രാമ പഞ്ചായത്ത് ഉപാധികളോടെ അനുമതി നല്‍കിയത്. എന്നാല്‍, ജനുവരി 19ന് ആ കൊടിമരത്തില്‍ ചിലര്‍ കാവിക്കൊടി ഉയര്‍ത്തി. ജനുവരി 26 വരെ അധികൃതര്‍ അത് അവഗണിച്ചു. എന്നാല്‍, റിപ്പബ്ലിക് ദിനത്തില്‍ കാവിക്കൊടി മാറ്റി അധികൃതര്‍ ദേശീയ പതാക ഉയര്‍ത്തി. 'ദേശീയ പതാകയ്ക്കു പകരം കാവിക്കൊടി ഉയര്‍ത്താന്‍ ആരാണ് ഗൂഢാലോചന നടത്തിയത്? അധികൃതര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ജനത്തെ പ്രേരിപ്പിച്ചതാരാണ്? എത്രകാലമായി ബിജെപി സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും പ്രിയങ്ക് ഖാര്‍ഗേ ചോദിച്ചു.