സിലബസിലെ കാവിവത്ക്കരണ വിവാദം; രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയെന്ന് കണ്ണൂര്‍ വി സി

ഒരു ചരിത്രകാരനെന്ന നിലയിലാണ് സിലബസ് തയ്യാറാക്കിയവര്‍ക്ക് ഹിന്ദുത്വം ആശയം ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങളെ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെ കാണുന്നതെന്ന് വി സി ന്യായീകരിച്ചു.

Update: 2021-09-10 17:05 GMT

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കറുടേയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് പുനഃപരിശോധന നടത്താന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. അവരുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിലബസില്‍ തിരത്തലുണ്ടാക്കുമെന്നും വി സി ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.


സിലബസിലേത് കാവിവത്കരണമാണെന്ന വാദം വൈസ് ചാന്‍സലര്‍ തള്ളി. രണ്ടംഗ കമ്മിറ്റി ഈ വിഷയം പരിശോധിക്കുകയാണ്.സിലബസില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരുടെ റിപോര്‍ട്ട് പ്രകാരമുള്ള മാറ്റംവരുത്തും. ആ മാറ്റങ്ങളും റിപോര്‍ട്ടും നിലവിലുള്ള ബോര്‍ഡ് ഓഫ് സ്റ്റഡീസിന് അയച്ചു കൊടുക്കും. രാഷ്ട്രീയപരമായി മാത്രമല്ല വിദ്യാഭ്യാസപരമായ ഈ വിഷയം സമീപിക്കേണ്ടതുണ്ട് എന്നും വി സി പറഞ്ഞു.


ഒരു ചരിത്രകാരനെന്ന നിലയിലാണ് സിലബസ് തയ്യാറാക്കിയവര്‍ക്ക് ഹിന്ദുത്വം ആശയം ചര്‍ച്ച ചെയ്യുന്ന പുസ്തകങ്ങളെ സിലബസില്‍ ഉള്‍പ്പെടുത്തിയതിനെ കാണുന്നതെന്ന് വി സി ന്യായീകരിച്ചു. ഇതൊരു പുതിയ കോഴ്‌സാണ്. ബ്രണ്ണന്‍ കോളേജില്‍ മാത്രമാണ് ഈ കോഴ്‌സ് നിലവിലുള്ളത്. അതിനാല്‍ വിശദമായ ചര്‍ച്ചയോ പദ്ധതിയോ നടന്നിട്ടില്ല എന്നും വി സി വ്യക്തമാക്കി.


അതേസമയം സര്‍വ്വകലാശാലയോട് ഉന്നതവിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ റിപോര്‍ട്ട് തേടിയിരുന്നു. ആ റിപോര്‍ട്ട് കൈമാറിയിട്ടുണ്ട്. അഞ്ച് ദിവസത്തിനകം സിലബസില്‍ സമഗ്രമായ മാറ്റം വരുത്തണമെന്ന് രണ്ടംഗ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി സി വ്യക്തമാക്കി.




Tags:    

Similar News