ബംഗാളില്‍ ബിജെപിയെ തുണച്ചത് ഇടത് വോട്ടുകള്‍
സിപിഎന്റെ വോട്ട് ഷെയര്‍ 30%ത്തില്‍ നിന്ന് 6%ത്തിലേക്കാണ് ബംഗാളിള്‍ കൂപ്പുകുത്തിയത്. ആറു ശതമാനം വോട്ട് നേടാത്തതിനാല്‍ പശ്ചിമബംഗാളില്‍ പലയിടത്തും സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായത് ചരിത്രത്തില്‍ ആദ്യമാണ്.
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയെ തുണച്ചത് ഇടതുപക്ഷത്തിന്റെ വോട്ടുകളെന്ന് കണക്കുകള്‍. മൂന്ന് പതിറ്റാണ്ടിലേറെ സിപിഎം ഭരിച്ചിരുന്ന പശ്ചിമ ബംഗാളും ത്രിപുരയും പാര്‍ട്ടിയെ പാടെ കൈവിട്ടു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മിന്റെ വോട്ട് വിഹിതം 29.71% വും ബിജെപിയുടേത് 17% വും ആയിരുന്നു. അന്ന് ബിജെപിക്ക് രണ്ടും സിപിഎമ്മിന് രണ്ടും തൃണമൂലിന് 34 ഉം കോണ്‍ഗ്രസ്സിന് നാലും സീറ്റുണ്ടായിരുന്നു. സിപിഎന്റെ വോട്ട് ഷെയര്‍ 30%ത്തില്‍ നിന്ന് 6%ത്തിലേക്കാണ് ബംഗാളിള്‍ കൂപ്പുകുത്തിയത്. ആറു ശതമാനം വോട്ട് നേടാത്തതിനാല്‍ പശ്ചിമബംഗാളില്‍ പലയിടത്തും സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായത് ചരിത്രത്തില്‍ ആദ്യമാണ്.
കാലങ്ങളായി സിപിഎം നിലനിര്‍ത്തി പോരുന്ന റായ്ഗഞ്ചിലും മുര്‍ഷിദാബാദിലും സിപിഎം തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് വേണം കരുതാന്‍. റായ്ഗഞ്ചിലെ സിപിഎം സ്ഥാനാര്‍ത്ഥി മുഹമ്മദ് സലീമിന് 14.25 ശതമാനം വോട്ട് മാത്രമാണ് നേടാനായത് അവിടെ ബിജെപി നേടിയത് 40 ശതമാനം വോട്ടും. മുര്‍ഷിദാബാദിലെ സിറ്റിങ് എംപി ബദറുദ്ദോസ്സ ഖാന് 12.44 ശതമാനം വോട്ടും മാത്രമാണ് നേടാനായത്. അവിടെ ബിജെപി 17.05 ശതമാനം വോട്ട് നേടി. സൗത്ത് കൊല്‍ക്കത്തയില്‍ മത്സരിച്ച നന്ദിനി മുഖര്‍ജി 11.63 ശതമാനവും നെപാല്‍ദബ് ഭട്ടാചാര്യ 14.25 വോട്ട് മാത്രമാണ് നേടാനായത്.
2009 ല്‍ നിന്ന് 2019 ലെത്തുമ്പോള്‍ ബംഗാളില്‍ പടിപടിയായി ബിജെപി അടിത്തറ മെച്ചപ്പെടുത്തിയ ചിത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ കഴിയുന്നതെന്ന് സാരം. 2014 ലെ 2 സീറ്റില്‍ നിന്നാണ് ബിജെപി ഇന്നത്തെ നിലയില്‍ എത്തിയിരിക്കുന്നത്. 2009 മുതലുള്ള വോട്ട് ശതമാനം പരിശോധിച്ചാല്‍ ഇടതുപാര്‍ട്ടികളുടെ വീഴ്ച പോലെ കോണ്‍ഗ്രസിനും തൃണമൂലിനും പിറകോട്ടടി ഉണ്ടായിട്ടില്ല.
2009 മുതലുള്ള കഴിഞ്ഞ അഞ്ച് വിവിധ തെരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ നേടിയത് 46.67, 48.45, 39.77, 45.71, 43.29 ശതമാനം വോട്ടുകളാണ്. അതായത് 2009 ല്‍ 46.67 ശതമാനമുണ്ടായിരുന്നെങ്കില്‍ 2019 ല്‍ അത് 43.29 ശതമാനമായി കുറഞ്ഞു. എന്നാല്‍ 2009 ല്‍ 43.30 വോട്ടുണ്ടായിരുന്ന സിപിഎം 2019ലെത്തുമ്പോള്‍ അത് 7.47 ശതമാനമായി മാറി. 2009 മുതല്‍ നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ അവരുടെ വോട്ടിങ് നില 43.30, 41.05, 29.93, 29.93, 7.47 എന്നിങ്ങനെയായിരുന്നു. അതായത് വോട്ടില്‍ പൂര്‍ണമായ ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസിന് ഏകദേശം പത്തു ശതമാനം വോട്ടില്‍ നിന്ന് 5.61 ശതമാനമായി ചുരുങ്ങിയിട്ടുണ്ടെങ്കിലും ഇടതുപക്ഷത്തില്‍ നിന്നുള്ള വോട്ട് ചോര്‍ച്ചയാണ് ബിജെപിക്ക് ഗുണംചെയ്തത്.
1952നു ശേഷം ഇതാദ്യമായാണ് ഇടതുപക്ഷം പാര്‍ലമെന്റില്‍ ഒറ്റ അക്കത്തില്‍ ഇരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനമാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേരിട്ടത്. കേരളത്തില്‍ ഒന്നും തമിഴ്‌നാട്ടില്‍ ഡി.എം.കെ മുന്നണിയോടൊപ്പം ചേര്‍ന്ന് രണ്ട് സീറ്റുകളുമാണ് സിപിഎം നേടിയത്. സിപിഐക്കും രക്ഷയായത് തമിഴ്‌നാടാണ് അതോടൊപ്പം സിപിഐയുടെ ദേശീയ പദവി നഷ്ടമാവുകയും ചെയ്തു.