കണ്ണൂര്‍ സര്‍വ്വകലാശാല വിവാദ സിലബസില്‍ മാറ്റം വരുത്തി; ഗാന്ധിയന്‍, ഇസ്‌ലാമിക്, സോഷ്യലിസ്റ്റ്, ദ്രാവിഡ ധാരകളും ഉള്‍പ്പെടുത്തും
ദീന്‍ ദയാല്‍ ഉപാധ്യായ, ബല്‍രാജ് മദോക് എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ നിന്നും ഒഴിവാക്കി
കണ്ണൂര്‍: ഹിന്ദുത്വ ഫാഷിസ്റ്റ് നേതാക്കളുടെ രചനകള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് വിവാദമായ പി ജി സിലബസില്‍ കണ്ണൂര്‍ സര്‍വകലാശാല മാറ്റം വരുത്തി. പുതുതായി തുടങ്ങിയ പി ജി ഗവേണന്‍സ് ആന്റ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്ററിന്റെ സിലബസിലാണ് മാറ്റം വരുത്തിയത്. ദീന്‍ ദയാല്‍ ഉപാധ്യായ, ബല്‍രാജ് മദോക് എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ നിന്നും ഒഴിവാക്കി. ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍ എന്നിവരുടെ കൃതികള്‍ വിമര്‍ശന വിധേയമാക്കി പഠിപ്പിക്കും. ഗാന്ധിയന്‍, ഇസ്‌ലാമിക്, സോഷ്യലിസ്റ്റ്, ദ്രാവിഡ ധാരകളും ഉള്‍പ്പെടുത്തും. പുതുക്കിയ സിലബസിന് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കി.
വിദഗ്ധ സമിതി നിര്‍ദ്ദേശങ്ങള്‍ പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് പുതിയ സിലബസ് തയ്യാറാക്കിയത്. തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിന്റെ രണ്ടാം യൂണിറ്റില്‍, ആര്‍എസ്എസ് ചിന്തകരുടെ രചനകള്‍ക്ക് അമിത പ്രാധാന്യം നല്‍കിയതാണ് വിവാദത്തിന് കാരണമായത്. കേരള സര്‍വകലാശാലയിലെ മുന്‍ പൊളിറ്റിക്കല്‍ സയന്‍സ് മേധാനി യു പവിത്രന്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് മേധാവിയായിരുന്ന ജെ പ്രഭാഷ് എന്നിവരാണ് സിലബസ് പരിശോധിച്ചത്. ഹിന്ദുത്വ ആശയങ്ങളുടെ വക്താക്കളെക്കുറിച്ച് മറ്റ് സര്‍വ്വകലാശാലകളിലും പഠിപ്പിക്കാറുണ്ടെങ്കിലും അവരുടെ പുസ്തകങ്ങള്‍ അതുപോലെ ചേര്‍ക്കുന്നത് ശരിയല്ലെന്ന് സമിതി പറഞ്ഞു.