സാഗര്‍ ധന്‍കറിന്റെ കൊലപാതകം: ഒളിംപിക് ജേതാവ് സുശീല്‍ കുമാറിന്റെ തോക്ക് ലൈസന്‍സ് റദ്ദാക്കി
ന്യൂഡല്‍ഹി: ഗുസ്തി താരം സാഗര്‍ ധന്‍കറിനെ കൊലചെയ്ത കേസില്‍ അറസ്റ്റിലായ ഒളിമ്പിക് ഗുസ്തി മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ തോക്ക് ലൈസന്‍സ് ഡല്‍ഹി പോലിസ് റദ്ദാക്കി. ലൈസന്‍സ് റദ്ദാക്കുന്ന നടപടി നേരത്തെ ആരംഭിച്ചിരുന്നു.
അതിനിടയില്‍ സുശീല്‍ കുമാറിനെ ഡല്‍ഹി പോലിസ് ഹരിദ്വാറിലെത്തിച്ചു. സുശീല്‍ കുമാര്‍ ഒളിച്ചുജീവിച്ച സ്ഥലങ്ങളും സഹായിച്ചവരെയും കണ്ടെത്തുന്നതിന്റെ ഭാഗമാണ് പോലിസിന്റെ ഹരിദ്വാര്‍ സന്ദര്‍ശനം. സാഗര്‍ ധന്‍കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് ഇതുവരെ 13 പേരെ തിരിച്ചറിഞ്ഞു. അതില്‍ 9 പേരെ അറസ്റ്റ് ചെയ്തു. നാല് പേര്‍ ഒളിവിലാണ്.
സഹ ഗുസ്തി താരത്തെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് 38കാരനായ സുശീല്‍ കുമാര്‍. താരത്തിന്റെ സഹായി അജയ് ബക്കര്‍വാലയെ ഡല്‍ഹി പോലിസിന്റെ പ്രത്യേക സെല്ല് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റ് ഒഴിവാക്കാന്‍ സുശീല്‍ കുമാര്‍ ഏഴ് സംസ്ഥാനങ്ങളിലായാണ് 18 ദിവസം കറങ്ങിനടന്നത്. മാത്രമല്ല, നിരന്തരം സിം കാര്‍ഡുകള്‍ മാറ്റുകയും ചെയ്തു.
മെയ് മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീല്‍ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപോര്‍ട്ടുകള്‍. ഒളിവില്‍ കഴിയുന്ന സുശീലിനെ പിടികൂടാന്‍ ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നു. ഒടുവില്‍ പഞ്ചാബില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി അജയ്യെ ഡല്‍ഹിയ്ക്കു പുറത്തുനിന്ന് അറസ്റ്റ് ചെയ്തു.
സുശീല്‍ കുമാറിനെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് പോലിസ് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അജയ്യെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിരുന്നു.