'ജോലിയില്ലാതെ ശമ്പളം വാങ്ങുന്നത് നമ്മുടെ കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നു'; സർക്കാർ ഉദ്യോഗസ്ഥരെ വിമർശിച്ച് മന്ത്രി
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മന്ത്രി സജി ചെറിയാന്‍. പല ഓഫിസുകളിലും ഉദ്യോഗസ്ഥരില്ലെന്നും സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും ഒപ്പമുള്ളവരുടെ ഒപ്പ് വരെ ഇടാമറിയാമെന്നും മന്ത്രി വിമര്‍ശിച്ചു. എല്ലാ ചെറുപ്പക്കാര്‍ക്കും ഇന്ന് സര്‍ക്കാര്‍ ജോലി വേണം. വലിയ കുഴപ്പമില്ലാതെ പെന്‍ഷന്‍ കിട്ടി ജീവിച്ചു പോവാന്‍ വേണ്ടിയാണിത്. ജോലിക്ക് കയറുന്നവരെയേ പ്രശ്‌നമുള്ളൂ. പിന്നെ ഒന്നും കാര്യമില്ല. ഒരിക്കല്‍ ഡയറക്ടറേറ്റില്‍ പോയി നോക്കി. 50 ശതമാനം ആളുകളുമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരസ്പര സഹകരണ സംഘമാണ്. ഇങ്ങനെ പറയാന്‍ കാരണമുണ്ട്. ഒരു പഞ്ചായത്ത് ഓഫിസില്‍ പോയാല്‍ ഉദ്യോഗസ്ഥരെ കാണാന്‍ കിട്ടുന്നില്ലെങ്കില്‍ കണ്ടെത്താന്‍ പറ്റില്ല. വരാത്തത് എന്തെന്ന് ചോദിച്ചാല്‍ എന്തെല്ലാം കാരണങ്ങളാണ് പറയുന്നത്. പലര്‍ക്കും മറ്റുള്ളവരുടെ ഒപ്പു പോലും ഇടാന്‍ അറിയാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരസ്പര സഹകരണ സംഘമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. താന്‍ ആരെയും സസ്‌പെന്‍ഡ് ചെയ്തില്ല. സസ്‌പെന്‍ഡ് ചെയ്താല്‍ നന്നാവാന്‍ പോവുന്നില്ല. ഇതൊക്കെയാണ്, ജോലിയില്ലാതെ ശമ്പളം വാങ്ങുന്നതാണ് നമ്മുടെ കുഞ്ഞുങ്ങള്‍ കണ്ടു പഠിക്കുന്നത്. ഇപ്പോള്‍ വലിയ കുഴപ്പമില്ലാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാറിയിട്ടുണ്ടെന്നും മന്ത്രി ഒടുവില്‍ കൂട്ടിച്ചേര്‍ത്തു.