മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം: സിബിഐ അന്വേഷണം വേണമെന്ന ഹരജി ഇന്ന് ഹൈക്കോടതിയില്‍

2022 ജൂലൈയിലാണ് വിവാദമായ പ്രസംഗം സജി ചെറിയാന്‍ നടത്തുന്നത്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടിയാണ് വിവാദമായത്.

Update: 2024-11-02 01:26 GMT

കൊച്ചി: മന്ത്രി സജി ചെറിയാന്റെ വിവാദമായ മല്ലപ്പളളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഇന്ന് ഹൈക്കോടതിയില്‍. സജി ചെറിയാന്‍ ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചു എന്ന ആരോപണം നില്‍നില്‍ക്കുന്നതല്ലെന്നായിരുന്നു പോലിസിന്റെ നേരത്തെയുളള കണ്ടെത്തല്‍. എന്നാല്‍, ഭരണത്തിലെ സ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചെന്നാണ് ഹരജി ആരോപിക്കുന്നത്. നേരത്തെ ഹരജി പരിഗണിച്ച കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു.

2022 ജൂലൈയിലാണ് വിവാദമായ പ്രസംഗം സജി ചെറിയാന്‍ നടത്തുന്നത്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടിയാണ് വിവാദമായത്. സജി ചെറിയാന്റെ അന്നത്തെ വാക്കുകള്‍ ഇങ്ങനെ

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും'. എന്നാല്‍, പ്രസംഗം വിവാദമായതോടെ സജി ചെറിയാന്‍ നിലപാട് മാറ്റി. പ്രസംഗം അന്വേഷിച്ച പോലിസ് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപോര്‍ട്ട് നല്‍കിയത്.

Tags:    

Similar News