സജി ചെറിയാന് പകരം മന്ത്രിയില്ല; ചുമതല ആര്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കോടിയേരി

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്

Update: 2022-07-08 09:05 GMT

തിരുവനന്തപുരം: ഭരണഘടനയേക്കുറിച്ച് നടത്തിയ വിവാദ വിമര്‍ശനങ്ങളേത്തുടര്‍ന്ന് രാജിവെച്ച സജി ചെറിയാന് പകരം മന്ത്രിസഭയില്‍ ആളെ ഉള്‍പ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം. മന്ത്രിസഭയില്‍ മറ്റൊരു മന്ത്രിയെ നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പുതിയ മന്ത്രിയെ സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. വകുപ്പുകള്‍ ആര്‍ക്ക് കൊടുക്കണം എന്നത് മുഖ്യമന്ത്രി തീരുമാനിക്കും. സ്ഥിതിഗതികള്‍ നോക്കിയാകും മന്ത്രിസ്ഥാനത്തില്‍ തീരുമാനമുണ്ടാകുകയെന്നും കോടിയേരി വ്യക്തമാക്കി. 

ചില വാചകങ്ങള്‍ തെറ്റുപറ്റിയെന്ന് സജി ചെറിയാന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീരുമാനമെടുത്തിട്ടുള്ളത്. സജി ചെറിയാന്‍ പറഞ്ഞത് ശരിയാണ് എന്ന് കരുതുന്നുവെങ്കില്‍ രാജിവെക്കണ്ട എന്ന് പാര്‍ട്ടി പറയുമായിരുന്നില്ലേ? ദുര്‍വ്യാഖ്യാനം ചെയ്തു എന്നത് സജി ചെറിയാന്‍ ആദ്യം നടത്തിയ പ്രസ്താവനയാണ്. രാജിക്കത്തില്‍ അങ്ങനെ പറയുന്നില്ലെന്നും കോടിയേരി പ്രതികരിച്ചു.

'സജി ചെറിയാന്‍ രാജിവെച്ചത് ഉചിതമായി. സജി ചെറിയാന്‍ മാതൃക സൃഷ്ടിച്ചു. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്.' ഉന്നത ജനാധിപത്യമൂലങ്ങളാണ് സജി ചെറിയാന്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും കോടിയേരി പറഞ്ഞു.

എകെജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിലും കോടിയേരി പ്രതികരണം നടത്തി. രാത്രികാലത്ത് നടന്ന സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ സമയമെടുക്കും. പോലിസ് ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ട്. കൃത്യമായി അന്വേഷണത്തിലൂടെ മാത്രമേ പ്രതിയെ പിടിക്കാന്‍ കഴിയൂ എന്നും കോടിയേരി പറഞ്ഞു.

പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പീഡനപരാതിയിലെ കോണ്‍ഗ്രസ് നിലപാട് തെറ്റാണെന്നും കോടിയേരി വിമര്‍ശിച്ചു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത് തെറ്റായ നടപടിയാണ്. പെണ്‍കുട്ടി പരാതി നല്‍കിയാല്‍ പോലിസ് കേസെടുക്കുമെന്നും കോടിയേരി പ്രതികരിച്ചു. രാഷ്ട്രീയ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ ജൂലൈ 10 മുതല്‍ സിപിഎം പൊതുയോഗം നടത്തും. ഏരിയ അടിസ്ഥാനത്തിലാണ് വിശദീകരണ യോഗം നടത്തുക. കാലവര്‍ഷക്കെടുതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ സന്നദ്ധ സേവകരാകണമെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News