തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി യൂനിയനുകളുമായി ചര്‍ച്ച നടത്തും. നേരത്തെ നടത്തിയ മാനേജ്‌മെന്റ് തല ചര്‍ച്ച പരാജയപ്പെട്ടിരുന്നു. രാവിലെ സിഐടിയു യൂനിയനും ഉച്ചയ്ക്ക് ഐഎന്‍ടിയുസി യൂനിയനും വൈകീട്ട് ബിഎംഎസ് യൂനിയനുമായാണ് ചര്‍ച്ച.
മൂന്ന് യൂനിയനുകളെയും ഒരുമിച്ച് കാണുന്നതിന് വിപരീതമായി ഇതാദ്യമായാണ് വ്യത്യസ്ത സമയങ്ങളില്‍ വെവ്വേറെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. ഇതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷ യൂനിയനുകളുടെ ആരോപണം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജോലി സമയം 12 മണിക്കൂറാക്കി ഉയര്‍ത്തുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. എല്ലാ കാലത്തും കെഎസ്ആര്‍ടിസിക്ക് ശമ്പളം നല്‍കാനായി പണം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വകുപ്പ് മന്ത്രിയും ധനമന്ത്രിയും. ഇന്നത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ അടുത്ത മാസം ആറ് മുതല്‍ അനിശ്ചിതകാല പണിമുടക്കിന് പ്രതിപക്ഷ യൂനിയനുകള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.