കെഎസ്ആര്‍ടിസി: ശമ്പളം ഒറ്റത്തവണയായി നല്‍കണമെന്ന് യൂനിയനുകള്‍; ഘട്ടം ഘട്ടമായി നല്‍കാന്‍ മാനേജ്‌മെന്റ്

ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി കൂടി വേണമെന്ന് മാനേജ് മെന്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു

Update: 2022-06-17 09:12 GMT

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ശമ്പളം നല്‍കാന്‍ നീക്കം. മെയ് മാസത്തെ ശമ്പളമാണ് നല്‍കുക. ശമ്പള വിതരണം ശമ്പളം ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കാനാണ് നീക്കം. നാളെ മുതല്‍ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളം കിട്ടിത്തുടങ്ങും. ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി കൂടി വേണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടികള്‍.

ശമ്പള പ്രശ്‌നത്തില്‍ ഭരണാനുകൂല സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് വ്യക്തമാക്കിയിരുന്നു. സിഐടിയു ഓഫിസ് വളഞ്ഞ് ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മാനേജ്‌മെന്റ് തീരുമാനം. മന്ത്രി നേരിട്ട് ഇടപെട്ട് ഇന്ന് മുതല്‍ തന്നെ ശമ്പളം വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഓവര്‍ഡ്രാഫ്റ്റായി പണം എടുത്ത് ശമ്പളം വിതരണം ചെയ്യാനാണ് ശ്രമം. കെഎസ്ആര്‍ടിസി കൈയ്യില്‍ പണമില്ലാതെയാണ് ശമ്പള വിതരണത്തിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരില്‍ നിന്ന് പണം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം.

അതേസമയം യൂനിയന്‍ നേതാക്കള്‍ ഘട്ടംഘട്ടമായി ശമ്പളം നല്‍കുന്നതിനെ അനുകൂലിക്കുന്നില്ല. ശമ്പളം ഒറ്റത്തവണയായി വേണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ മാസങ്ങളിലും ഈ നിലയിലാണ് ശമ്പളം കിട്ടിയത്. ഇതുകൊണ്ട് കാര്യമില്ലെന്നാണ് യൂനിയന്‍ നേതാക്കളുടെ നിലപാട്. 

Tags:    

Similar News