
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സഫര്‍ അലിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍ പ്രതിഷേധിച്ചു. ജില്ലാ കോടതി പരിസരത്ത് നിന്ന് ശങ്കര്‍ ചൗരാഹ പ്രദേശത്തേക്ക് അഭിഭാഷകര്‍ മാര്‍ച്ച് നടത്തി. മസ്ജിദ് ഹിന്ദുക്ഷേത്രമാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ സഫര്‍ അലിയെ പോലിസ് കുടുക്കിയതാണെന്ന് അഭിഭാഷകര്‍ പറഞ്ഞു.
സഫറിനെതിരെ പോലിസ് തെറ്റായ ശിക്ഷാ നടപടി സ്വീകരിക്കുകയാണെന്ന് അഭിഭാഷകന്‍ അബ്ദുര്‍ റഹ്മാന്‍ പറഞ്ഞു. '' സംഭലില്‍ പോലിസ് ആളുകളെ കൊന്നു. ഇപ്പോള്‍ അവര്‍ സഫറിനെ ലക്ഷ്യം വെക്കുകയാണ്. സത്യം പുറത്തുവരുന്നത് തടയാനാണ് നീക്കം. സംഭല്‍ സംഘര്‍ഷം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ സഫര്‍ മൊഴി നല്‍കുന്നത് തടയാനാണ് പോലിസ് ശ്രമിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അധികാരികള്‍ ഇന്ത്യക്കാരെ കൊന്നിരുന്നു. നിലവിലെ സര്‍ക്കാരും സമാനമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.''-അദ്ദേഹം പറഞ്ഞു.
സംഭലിലെ മുതിര്‍ന്ന അഭിഭാഷകനാണ് സഫര്‍ അലിയെന്ന് അഡ്വ. ഷക്കീല്‍ അഹമദ് പറഞ്ഞു. '' സഫറിന്റെ അറസ്റ്റ് അന്യായമാണ്. എഫ്‌ഐആറില്‍ പേരില്ലാഞ്ഞിട്ടും പിന്നീട് പ്രതിചേര്‍ക്കുകയാണ് ചെയ്തത്. അദ്ദേഹം തിരിച്ചുവന്ന് മസ്ജിദ് കമ്മറ്റിയെ നയിക്കുമെന്ന് ഞങ്ങള്‍ ഉറപ്പാക്കും.''- അദ്ദേഹം പറഞ്ഞു. അതേസമയം, സംഭല്‍ നഗരത്തില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചു. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി, ദ്രുതകര്‍മ സേന എന്നിവയുടെ നിരവധി കമ്പനികളെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. കൂടാതെ വിവിധ പ്രദേശങ്ങളില്‍ പോലിസ് ഫഌഗ് മാര്‍ച്ചും നടത്തി.