സംഭല്‍ എംപി സിയാവുര്‍ റഹ്‌മാന് 1.91 കോടി രൂപ പിഴ ചുമത്തി വൈദ്യുതി വകുപ്പ്

ഉത്തര്‍പ്രദേശ് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (യുപിപിസിഎല്‍) വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ സംഭലിലെ വസതിയില്‍ പരിശോധന നടത്തിയതിന് ശേഷം കേസെടുക്കുകയായിരുന്നു

Update: 2024-12-20 07:49 GMT

സംഭല്‍: സംഭല്‍ എംപി സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖിന് വൈദ്യുതി മീറ്ററുകളില്‍ കൃത്രിമം കാണിച്ചെന്ന് പറഞ്ഞ് 1.91 കോടി രൂപ പിഴ ചുമത്തി വൈദ്യുതി വകുപ്പ്. നവംബര്‍ 24 ന് ഷാഹി ജാമിഅ് മസ്ജിദിലെ സര്‍വേയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തിന് പ്രതിഷേധക്കാരെ പ്രേരിപ്പിച്ചതിന് സംഭാല്‍ പോലിസ് ബാര്‍ഖിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

ഉത്തര്‍പ്രദേശ് പവര്‍ കോര്‍പറേഷന്‍ലിമിറ്റഡ് (യുപിപിസിഎല്‍) വ്യാഴാഴ്ച രാവിലെ അദ്ദേഹത്തിന്റെ സംഭലിലെ വസതിയില്‍ പരിശോധന നടത്തിയതിന് ശേഷം കേസെടുക്കുകയായിരുന്നു. 50 എല്‍ഇഡി ബള്‍ബുകള്‍, ഒരു ഡീപ് ഫ്രീസര്‍, മൂന്ന് സ്പ്ലിറ്റ് എസികള്‍, 2 ഫ്രിഡ്ജുകള്‍, ഒരു കോഫി മേക്കര്‍, ഒരു ഗീസര്‍, ഒരു മൈക്രോവേവ് ഓവന്‍ എന്നിവയുള്‍പ്പെടെയുള്ള വൈദ്യുത ഉപകരണങ്ങളും സംസ്ഥാന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എംപിയുടെ വസതിയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി എംപിയുടെ വസതിയില്‍ വൈദ്യുതി ബില്‍ പൂജ്യമാണെന്നും അധികൃതര്‍ ആരോപിച്ചു.

വൈദ്യുതി മോഷണത്തിന് 1948ലെ ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് സെക്ഷന്‍ 135 പ്രകാരം എംപിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. രണ്ട് കിലോവാട്ട് ശേഷിയുള്ള രണ്ട് വൈദ്യുത മീറ്ററുകള്‍ മാത്രമാണ് തങ്ങള്‍ കണ്ടെത്തിയതെന്നും മൂന്ന് നിലകളുള്ള അദ്ദേഹത്തിന്റെ വീട്ടിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് കുറഞ്ഞത് 8 മുതല്‍ 10 കിലോവാട്ട് വരെ വൈദ്യുതി വേണ്ടിവരുമെന്നും അവര്‍ ആരോപിച്ചു.

നിലവില്‍ സിയാവുര്‍ റഹ്‌മാന്റെ പിതാവ് മംലൂക്ക് ഉര്‍ റഹ്‌മാനെതിരേയും പോലിസ് കേസെടുത്തിട്ടുണ്ട്. സംസ്ഥാന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് എത്തിയപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.

Tags:    

Similar News