രക്തസാക്ഷികളായ സ്വാതന്ത്ര്യ സമര പോരാളികളെയും സംഘപരിവാര്‍ ഭയപ്പെടുന്നു: പിഡിപി
തൃശൂര്‍: രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ സ്വാതന്ത്ര്യ സമര പോരാളികളെയും ധീര ദേശാഭിമാനികളേയും സംഘപരിവാര്‍ ഭയപ്പെടുകയാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി. മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച് രക്തസാക്ഷിത്വം വരിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും ആലി മുസ് ല്യാരെയും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കിയ നടപടി പ്രതിഷേധാര്‍ഹവും ചരിത്രത്തില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. സ്വന്തം നിലനില്‍പ്പിനായി തന്നെ വിട്ടയച്ചാല്‍ രാജ്യത്തെ ജനതയ്‌ക്കെതിരേ നിലകൊള്ളുന്ന ബ്രിട്ടിഷുകാര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവകനായി പണിയെടുക്കാമെന്ന് പറഞ്ഞ് യാചിച്ച സവര്‍ക്കര്‍മാരെ ഉയര്‍ത്തിക്കൊണ്ട് വന്ന് ചരിത്രത്തെയാകെ അപനിര്‍മിക്കാനുള്ള വിടുവേലയ്ക്കാണ് ശശികലമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ എവിടെയും പങ്കാളിത്തമില്ലാത്ത സംഘപരിവാര്‍ യഥാര്‍ത്ഥ ചരിത്രത്തെയും പോരാളികളെയും മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് ശുദ്ധ അസംബന്ധമാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് ചേര്‍പ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.