സംഘപരിവാറിന്റെ വിദ്വേഷപ്രചാരണം: സര്‍ക്കാരിന്റെ മൃദുസമീപനം അവസാനിപ്പിക്കണമെന്ന് മത-സാമൂഹിക നേതാക്കള്‍

Update: 2022-06-11 11:17 GMT

കോഴിക്കോട്: സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന വിവേചനത്തില്‍ കേരളീയ സമൂഹം കടുത്ത ആശങ്കയിലാണെന്നും ഇത്തരം ഏകപക്ഷീയമായ നീക്കങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും മത-സാമൂഹിക രംഗത്തെ പ്രമുഖര്‍. സംഘപരിവാര്‍ പക്ഷത്ത് നിന്നുള്ള വിദ്വേഷപ്രചാരണം കേരളത്തില്‍ സര്‍വസാധാരണമായി മാറിയിരിക്കുന്നു. അതേസമയം ആരോപണം മുസ് ലിം പക്ഷത്തുള്ളവരാകുമ്പോള്‍ നടപടികള്‍ വേഗത്തിലുള്ളതും അതിരുകവിഞ്ഞതുമാകുന്നു. വര്‍ഗീയവിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്ന ഹിന്ദുത്വ സംഘടനകള്‍ക്കോ ആയുധശേഖരവും പ്രദര്‍ശനവും നടത്തുന്ന വര്‍ഗീയവാദികള്‍ക്കോ എതിരില്‍ യാതൊരു വിധ നടപടിയും എടുക്കുന്നില്ല എന്നത് ഗൗരവതരമാണെന്നും നേതാക്കള്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു. ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വി എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി തുടങ്ങി 24 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

തലശ്ശേരിയിലും പേരാമ്പ്രയിലും കുന്നംകുളത്തും സംഘപരിവാരം നടത്തിയ മുസ് ലിംവിദ്വേഷ കൊലവിളി പ്രകടനങ്ങള്‍ കേരളം കണ്ടതാണ്. അഞ്ച് ദിവസം നീണ്ട് നിന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ ഉയര്‍ന്നുകേട്ടത് മുഴുവന്‍ മുസ് ലിം വിദ്വേഷവും കലാപാഹ്വാനങ്ങളും മാത്രമാണ്. കേരളത്തിന്റെ മതേതര മനസിനെ മുറിവേല്‍പ്പിച്ച ഈ സംഭവങ്ങളിലൊന്നും കാര്യമായ നടപടികള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, അനന്തപുരി സമ്മേളനം പോലുള്ള വിദ്വേഷപരിപാടികളുടെ സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുമില്ല. അതേസമയം, ഒരു കുട്ടി ഉയര്‍ത്തിയ മദ്രാവാക്യത്തിന്റെ പേരില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള പൊലിസ് വേട്ടയാണ് നടക്കുന്നത്. ആ മുദ്രാവാക്യം അംഗീകരിക്കാവുന്നതല്ല. ഒരു വിധത്തിലും പിന്തുണക്കാവുന്നതോ യോജിക്കാവുന്നതോ ആയ പരാമര്‍ശങ്ങളല്ല മുദ്രാവാക്യത്തില്‍ ഉയര്‍ന്നത്. സംഘടന നല്‍കിയ മുദ്രാവാക്യങ്ങളല്ല കുട്ടി വിളിച്ചതെന്ന് പരിപാടിയുടെ സംഘാടകരായ പോപുലര്‍ ഫ്രണ്ട് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തതാണ്. മുദ്രാവാക്യത്തിന്റെ പേരില്‍ നിയമനടപടി എടുക്കുന്നതിന് പകരം ഒരു സംഘടനയെ വേട്ടയാടാനുള്ള നീക്കം ദുരുദ്ദേശപരമാണ്.

ഏകപക്ഷീയമായ ഇത്തരം നടപടികള്‍ സര്‍ക്കാരിന്റെ വിശ്വാസ്യതക്ക് തന്നെ കളങ്കമേല്‍പ്പിക്കും. 153എ പ്രകാരമുള്ള കേസുകള്‍ ചുമത്തപ്പെട്ട സംഘപരിവാര്‍ നേതാക്കള്‍ തെരുവുകളില്‍ ഇപ്പോഴും സൈ്വര്യവിഹാരം നടത്തുമ്പോള്‍ മുദ്രാവാക്യത്തിന്റെ പേരില്‍ ഒരു സംഘടനയെ മുഴുവനായി വേട്ടയാടാനുള്ള നീക്കം വിവേചനപരമാണ്. ഈ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (സംസ്ഥാന പ്രസിഡന്റ്, ജമാഅത്ത് ഫെഡറേഷന്‍), വി എച്ച് അലിയാര്‍ മൗലവി അല്‍ ഖാസിമി (ജനറല്‍ സെക്രട്ടറി, ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദ് കേരള), ഷിഹാബ് പൂക്കോട്ടൂര്‍ (സെക്രട്ടറി, ജമാഅത്ത് ഇസ് ലാമി കേരള), അഡ്വ. കെ പി മുഹമ്മദ് (സംസ്ഥാന ജനറല്‍ സെക്രട്ടറി, ജമാഅത്ത് ഫെഡറേഷന്‍), വി എം ഫത്ഹുദ്ദീന്‍ റഷാദി (പ്രസിഡന്റ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, കേരള)

കെ എ ഷഫീഖ് (സംസ്ഥാന ജനറല്‍ സെക്രട്ടറി, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ), ഒ അബ്ദുല്ല (മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍), പാനിപ്ര ഇബ്രാഹീം ബാഖവി (പ്രസിഡന്റ്, ഖത്തീബ് & ഖാളി ഫോറം), എം എം ബാവ മൗലവി (സംസ്ഥാന വൈസ് പ്രസിഡന്റ്, ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍), ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി (പ്രസിഡന്റ്, കെഎംവൈഎഫ്), പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി (ചെയര്‍മാന്‍, മുസ്ലിം സംയുക്ത വേദി), അര്‍ഷദ് ഖാസിമി കല്ലമ്പലം (ചെയര്‍മാന്‍, ഉലമ സംയുക്ത സമിതി), രണ്ടാര്‍കര മീരാന്‍ മൗലവി (സംസ്ഥാന സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍), അഞ്ചല്‍ അബ്ദുര്‍ റഹ്മാന്‍ മന്നാനി (പ്രസിഡന്റ്, ജംഇയ്യതുല്‍ മന്നാനിയ്യീന്‍), കാരാളി സുലൈമാന്‍ ദാരിമി (സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഎംവൈഎഫ്), നിസാമുദ്ദീന്‍ ഖാസിമി (പ്രസിഡന്റ്, കൈഫ്), കാഞ്ഞാര്‍ അബ്ദുറസാഖ് മൗലവി (ചെയര്‍മാന്‍, മുസ്ലിം ഏകോപന സമിതി), നവാസ് മന്നാനി പനവൂര്‍ (ചീഫ് ഇമാം, സെന്‍ട്രല്‍ ജുമുഅ മസ്ജിദ് തിരുവനന്തപുരം), സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങള്‍ (ഹദ്ദാദ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍), ഷഫീക്ക് ഖാസിമി കുറ്റിച്ചല്‍ (പ്രസിഡന്റ്, മനാരീസ് അസോസിയേഷന്‍), പത്തനാപുരം അബ്ദുല്‍ റഹീം കൗസരി (ജനറല്‍ സെക്രട്ടറി, അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍), അയ്യൂബ് ഖാസിമി (അല്‍ ഉലമ അസോസിയേഷന്‍), ഇല്യാസ് ഹാദി ഓച്ചിറ (ജനറല്‍ സെക്രട്ടറി, അല്‍ ഹാദി അസോസിയേഷന്‍), ഉവൈസ് അമാനി (സംസ്ഥാന സമിതിയംഗം, ജംഇയ്യത് ഉലമാ എ ഹിന്ദ്) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുള്ളത്.

Tags:    

Similar News