ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് വന്‍ പിഴ ചുമത്തി മാച്ച് റഫറി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴയായി ചുമത്തിയത്. കഴിഞ്ഞ ദിവസം ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ പുറത്തായപ്പോള്‍ സഞ്ജു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനാണ് മാച്ച് റഫറി പിഴ ചുമത്തിയത്. വിവാദമായ പുറത്താകലിന് ഒടുവിലായിരുന്നു സഞ്ജുവിന്റെ അതൃപ്തി പ്രകടനം. ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചാണ് സഞ്ജുവിനെതിരെ നടപടിയെടുത്തത്.
ഐപിഎല്ലിലെ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കള്‍ 2.8 പ്രകാരം ലെവല്‍ ഒന്ന് വിഭാഗത്തില്‍പ്പെടുന്ന കുറ്റകൃത്യമാണ് സഞ്ജു ചെയ്തത്. തുടര്‍ന്നാണ് മാച്ച് റഫറി സഞ്ജുവിനെതിരെ നടപടിയെടുത്തത്. ഇത് സഞ്ജു അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ചട്ടപ്രകാരം മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്ന് ബിസിസിഐ അറിയിച്ചു.
ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വിക്കറ്റ് വിവാദത്തിലായിരുന്നു. 16ാം ഓവറില്‍ മുകേഷ് കുമാറിനെ സിക്‌സറടിക്കാനുള്ള ശ്രമത്തില്‍ ബൗണ്ടറി ലൈനില്‍ ഷായ് ഹോപ് ക്യാച്ചെടുത്താണ് സഞ്ജു പുറത്തായത്. എന്നാല്‍, ഹോപ് ബൗണ്ടറി ലൈനില്‍ ചവിട്ടിയോയെന്ന് സംശയമുണ്ടായിരുന്നു. തുടര്‍ന്ന് തേര്‍ഡ് അംപയര്‍ റീപ്ലേ കണ്ട് ഔട്ട് വിളിക്കുകയായിരുന്നു.
ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് തോറ്റത്. 46 പന്തില്‍ നിന്ന് 86 റണ്‍സെടുത്ത സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സ്‌കോര്‍ ഡല്‍ഹി 221/8 (20 ഓവര്‍). രാജസ്ഥാന്‍ 201/8 (20 ഓവര്‍).
വന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് നല്ല തുടക്കമായിരുന്നില്ല. രണ്ടാം പന്തില്‍ തന്നെ യശ്വസി ജയ്‌സ്വാളിന്റെ (4) വിക്കറ്റ് വീണു. ജോസ് ബട്ട്‌ലറാകട്ടെ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെടുകയും ചെയ്തു. സഞ്ജു സാംസണ്‍ മികച്ച ഷോട്ടുകളുമായി റണ്‍ നിരക്ക് താഴാതെ കാത്തുകൊണ്ടിരുന്നു. 17 പന്തില്‍ 19 റണ്‍സെടുത്ത് ബട്ട്‌ലര്‍ മടങ്ങി. പിന്നീട് റയാന്‍ പരാഗുമൊത്തായിരുന്നു സഞ്ജുവിന്റെ രക്ഷാപ്രവര്‍ത്തനം. 28 പന്തില്‍ സഞ്ജു അര്‍ധസെഞ്ച്വറി തികച്ചു. മറുവശത്ത് പരാഗും തകര്‍പ്പനടികള്‍ തുടങ്ങിയതോടെ മത്സരം രാജസ്ഥാന്റെ വരുതിയിലായി. എന്നാല്‍ 22 പന്തില്‍ മൂന്ന് സിക്‌സര്‍ സഹിതം 27 റണ്‍സെടുത്ത പരാഗിനെ റാസിഖ് സലാം ബൗള്‍ഡാക്കി.
സഞ്ജു മറുവശത്ത് റണ്‍നിരക്ക് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. 16ാം ഓവറില്‍ മുകേഷ് കുമാറിനെ സിക്‌സറടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനില്‍ ഷായ് ഹോപിന്റെ കൈകളില്‍ അവസാനിച്ചു. ശുഭം ദുബേ 12 പന്തില്‍ 25 റണ്‍സെടുത്ത് പുറത്തായി. ഇതോടെ രാജസ്ഥാന്‍ പരാജയം മണത്തു. ഡൊണോവന്‍ ഫെറെയ്‌റ (ഒന്ന്), ആര്‍. അശ്വിന്‍ (രണ്ട്), റോവ്മാന്‍ പവല്‍ (13) എന്നിവരുടെ വിക്കറ്റുകളും പിന്നാലെ വീണു. അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് നിലച്ചതോടെ രാജസ്ഥാന് സീസണിലെ മൂന്നാം പരാജയം.