ഐപിഎല്ലില്‍ ചെന്നൈയ്ക്ക് റോയല്‍ ഷോക്ക്; തോല്‍വി 16 റണ്‍സിന്

മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ധശതകമാണ്(74) റോയല്‍സ് സ്‌കോറിന്റെ നെടുംതൂണായത്

Update: 2020-09-22 18:54 GMT

ഷാര്‍ജ: ഐപിഎല്ലില്‍ ചെന്നൈ സൂപര്‍ കിങ്‌സിനെ 16 റണ്‍സിന് തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 217 റണ്‍സ് പിന്‍തുടര്‍ന്ന ചെന്നൈയുടെ ഇന്നിങ്‌സ് 200ല്‍ അവസാനിക്കുകയായിരുന്നു. ഫഫ് ഡുപ്ലിസ്സിസ്(72) ഒറ്റയാനായി പൊരുതിയെങ്കിലും രാജസ്ഥാന്റെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ അവര്‍ തകരുകയായിരുന്നു. 37 പന്തില്‍ നിന്നാണ് ഡുപ്ലിസ്സിസിന്റെ ഇന്നിങ്‌സ്. രാഹുല്‍ തേവാട്ടിയ റോയല്‍സിനായി മൂന്ന് വിക്കറ്റ് നേടി. വാട്‌സണും(33) മുരളി വിജയും(21) ചെന്നൈയെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും അവരുടെ ശ്രമവും പാഴായി. ധോണിയും(29) കേദാര്‍ ജാദവും(22) അവസാന ഓവറുകളില്‍ സിക്‌സറിന്റെയും ഫോറിന്റെയും രൂപത്തില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും മല്‍സരം അപ്പോഴേക്കും കൈവിട്ടിരുന്നു. അവസാനം വരെ പോരാടിയാണ് ചെന്നൈ രാജസ്ഥാന് മുന്നില്‍ പത്തിമടക്കിയത്.

    മലയാളി താരം സഞ്ജു സാംസണിന്റെ അര്‍ധശതകമാണ്(74) റോയല്‍സ് സ്‌കോറിന്റെ നെടുംതൂണായത്. 32 പന്തില്‍ നിന്ന് ഒമ്പത് സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു സഞ്ജുവിന്റെ മാസ്റ്റര്‍ ക്ലാസ് പ്രകടനം. ചെന്നൈ ബൗളിങ് നിരയെ തലങ്ങും വിലങ്ങും പായിച്ചാണ് സഞ്ജു 74 റണ്‍സ് നേടിയത്. 19 പന്തില്‍ നിന്നാണ് താരം അര്‍ധശതകം നേടിയത്. 11.4 ഓവറില്‍ ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ ദീപക് ചാഹറിന് കാച്ച് നല്‍കിയാണ് സഞ്ജു ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

    നേരത്തേ ടോസ് നേടിയ ചെന്നൈ രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. തുടക്കം തന്നെ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റ് റോയല്‍സിന് നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും(47 പന്തില്‍ 69) സഞ്ജുവും(74) ചേര്‍ന്ന് രാജസ്ഥാന്‍ സ്‌കോര്‍ അതിവേഗം ചലിപ്പിക്കുകയായിരുന്നു. ഇരുവരും പുറത്തായശേഷം എത്തിയവര്‍ക്കാര്‍ക്കും സ്‌കോര്‍ 10ന് മുകളിലേക്ക് കടത്താനായില്ല. അവസാനം എത്തിയ ഇംഗ്ലണ്ട് താരം ജൊഫ്രാ ആര്‍ച്ചര്‍ 27 റണ്‍സ് അടിച്ചുകൂട്ടി സ്‌കോര്‍ 200 കടത്തി. എട്ട് പന്തില്‍ നാല് സികസര്‍ പറത്തിയാണ് ജൊഫ്രാ 27 റണ്‍സ് അടിച്ചെടുത്തത്.

IPl; Sanju samson puts in all-round show in RR,s big win over CSK




Tags:    

Similar News