ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരാളികള്‍ കിങ്സ് ഇലവന്‍ പഞ്ചാബ്. ആദ്യ മല്‍സരത്തില്‍ ജയിച്ച ബാംഗ്ലൂര്‍ ജയ പരമ്പര തുടരാന്‍ ഇറങ്ങുമ്പോള്‍ കന്നിജയം തേടിയാണ് പഞ്ചാബ് ഇറങ്ങുന്നത്. ജയിക്കാവുന്ന മല്‍സരം കൈയ്യെത്തും ദൂരത്ത് സൂപ്പര്‍ ഓവറില്‍ ഡല്‍ഹിയോട് കൈവിട്ടാണ് പഞ്ചാബ് വരുന്നത്.
തോറ്റ ക്ഷീണത്തില്‍ വരുന്നതാണെങ്കിലും ആദ്യ മല്‍സരത്തില്‍ കളിക്കാത്ത വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ല്‍ ഇന്ന് ടീമിനൊപ്പം ചേരും. ഇത് ബാംഗ്ലൂരിനെ സമ്മര്‍ദ്ധത്തിലാക്കും. ഡിവില്ലിയേഴ്സ്, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ ഫോം ബാംഗ്ലൂരിന് മുതല്‍ക്കൂട്ടാവും. ക്യാപ്റ്റന്‍ കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ബാംഗ്ലൂരിനെ് തടുക്കാനാവില്ല. പഞ്ചാബ് നിരയിലാകട്ടെ മായങ്ക് അഗര്‍വാള്‍ മാത്രമാണ് ഫോമിലുള്ളത്. ക്യാപ്റ്റന്‍ രാഹുല്‍, നിക്കോളസ് പൂരന്‍, കരുണ്‍ നായര്‍ എന്നിവര്‍ ഫോമിലേക്കുയരണം. ഇരു ടീമിന്റെയും മുന്‍ കാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഇരുവരും തുല്യശക്തികളാണ്. 23 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയം ഇരുവര്‍ക്കും തുല്യമായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമിനെ തന്നെ ബാംഗ്ലൂര്‍ ഇറക്കുമ്പോള്‍ പഞ്ചാബ് ടീമില്‍ കാര്യമായ മാറ്റം ഉണ്ടാവും.