കൊവിഡ് നിയമ ലംഘകര്‍ക്കെതിരേ കടുത്ത നടപടിയുമായി സൗദി
വ്യക്തികളോ സ്ഥാപനങ്ങളോ സ്ഥാപനങ്ങളിലെ ജീവനക്കാരോ ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിച്ച നിയമങ്ങള്‍ ലംഘിച്ചാല്‍ ആയിരം മുതല്‍ ഒരു ലക്ഷം റിയാല് വരെ പിഴ ഈടാക്കുകയോ ഒരു മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കൂടാത്തതുമായ ജയില്‍ ശിക്ഷയോ നല്‍കും.
ദമ്മാം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ പുറപ്പെടുവിച്ച പ്രതിരോധ ഉത്തരവുകളും നിയമങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി.
വ്യക്തികളോ സ്ഥാപനങ്ങളോ സ്ഥാപനങ്ങളിലെ ജീവനക്കാരോ ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിച്ച നിയമങ്ങള്‍ ലംഘിച്ചാല്‍ ആയിരം മുതല്‍ ഒരു ലക്ഷം റിയാല് വരെ പിഴ ഈടാക്കുകയോ ഒരു മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കൂടാത്തതുമായ ജയില്‍ ശിക്ഷയോ നല്‍കും. കര്‍ഫ്യൂ സമയത്ത് ഇളവ് അനുവദിച്ച വിഭാഗങ്ങള്‍ക്കും മറ്റു നല്‍കുന്ന പാസ്സ് മറ്റു കാര്യത്തിനു ദുരുപയോഗം ചെയ്താല്‍ പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല് വരെ പിഴ ഒടുക്കേണ്ടി വരും.
ഐസുലേഷന്‍, ക്വാറന്റൈന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയോ രണ്ട് വര്‍ഷത്തെ ജയിലോ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ട വരും. കൊവിഡ് 19 വൈറസ് മനപൂര്‍വ്വം മറ്റുള്ളവരിലേക്കു പടര്‍ത്തിയാല്‍ 5 ലക്ഷം റിയാല്‍ പിഴയോ 5 വര്‍ഷം ജയിലോ അല്ലെങ്കില്‍ ഇവ ഒന്നിച്ചോ ലഭിക്കും. അനാവശ്യമായി പാസ് നേടുന്നവര്‍ക്ക് പതിനായിരം മുതല്‍ ഒരു ലക്ഷം റിയാല് വരെ പിഴ ഈടാക്കും.
കൊവിഡ് 19 നെ കുറിച്ച് സാമുഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും വ്യജ സന്ദേശം പ്രചരിപ്പിക്കുന്നവരില്‍നിന്ന് പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല് വരെ പിഴ ഈടാക്കും. മേല്‍പറയപ്പെട്ട നിയമ ലംഘനങ്ങള്‍ നടത്തിയത് വിദേശിയാണെങ്കില്‍ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാടു കടത്തും. പിന്നീട് രാജ്യത്തേക്കു പ്രവേശന നിരോധനമേര്‍പ്പെടുത്തും.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക സമിതിയായിരിക്കും ശിക്ഷാ നടപടി സ്വീകരിക്കുക. ചില കേസുകള്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ശിക്ഷാ നടപടികള്‍ക്കെതിരേ പത്ത് ദിവസത്തിനകം ഉന്നതാധികാര സമിതിക്കു മുമ്പാകെ അപ്പീല്‍ പോകാമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.