കവര്‍ച്ചക്കു വേണ്ടി ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ സൗദികള്‍ അറസ്റ്റില്‍

മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരണപ്പെടുകയായിരുന്നു. കവര്‍ച്ചക്കു ശേഷം 36 ആടുകളെ കവര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

Update: 2021-01-28 04:19 GMT

ബുറൈദ: കവര്‍ച്ച ലക്ഷ്യമിട്ട് ഇന്ത്യക്കാരനെ കൊലപ്പെടുത്തുകയും മറ്റൊരു ഇന്ത്യക്കാരനെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്ത രണ്ടു സൗദി യുവാക്കളെ അല്‍ഖസീമില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. മുപ്പതിനടുത്ത് പ്രായമുള്ളവരാണ് പിടിയിലായത്. ആടുകളെ മോഷ്ടിക്കാന്‍ വേണ്ടിയാണ് സംഘം ഇന്ത്യക്കാരനെ കൊലപ്പെടുത്തുകയും മറ്റൊരാളെ ആക്രമിച്ച് പരിക്കേല്‍പിക്കുകയും ചെയ്തത്.


അല്‍ഖസീം പ്രവിശ്യയില്‍ പെട്ട മരുഭൂ പ്രദേശത്തു വെച്ചാണ് ഇന്ത്യക്കാരായ ഇടയന്മാരെ സംഘം ആക്രമിച്ചത്. ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതിനു ശേഷം ആകാശത്തേക്ക് നിറയൊഴിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മര്‍ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരണപ്പെടുകയായിരുന്നു.കവര്‍ച്ചക്കു ശേഷം 36 ആടുകളെ കവര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.



ജനുവരി 24 നാണ് ഇതേ കുറിച്ച് സുരക്ഷാ വകുപ്പുകള്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വെടിവെപ്പ് നടത്താന്‍ പ്രതികള്‍ ഉപയോഗിച്ച തോക്ക് സുരക്ഷാ വകുപ്പുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Similar News