പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മാണ പദ്ധതി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിനുള്ള സെന്റ്ട്രല്‍ വിസ്ത പ്രൊജക്റ്റ് സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഇതുപോലെ ഒരു പരാതി സുപ്രിം കോടതിയില്‍ നിലവിലുണ്ടെന്നും കൊവിഡിന്റെ കാലത്ത് ആരും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും തിരക്കിട്ട് പരാതി കേള്‍ക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ പറഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയില്‍ ലുതിയന്‍സ് സോണില്‍ പാര്‍ലമെന്റ് മന്ദിരവും 8 അനുബന്ധ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനുള്ള 20,000 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത പ്രൊജക്റ്റ്.
ഇപ്പോള്‍ പരാതി നല്‍കിയ രാജീവ് സൂരി തന്നെ ഇതേ വിഷത്തില്‍ നല്‍കിയ മറ്റൊരു കേസ് സുപ്രിം കോടതിയില്‍ നിലവിലുണ്ട്.
''ഇതുപോലെ ഒരു പരാതി നിലവില്‍ സുപ്രിം കോടതിയിലുണ്ട്. രണ്ടാമതൊരു പരാതിയുടെ ആവശ്യമില്ല''- ചീഫ് ജസ്റ്റിസ് പറഞ്ഞു.
സെന്‍ട്രല്‍ വിസ്ത പദ്ധതി ഭൂവിനിയോഗ നിയമത്തിന് എതിരാണെന്ന പരാതിയിലാണ് സുപ്രിംകോടതി ഇടപെട്ടത്. 86 ഏക്കര്‍ വരുന്ന ലുത്തിയന്‍ സോണില്‍ പാര്‍ലമെന്റ് മന്ദിരം പണിയുന്നതിലൂടെ പ്രദേശത്തിന്റെ ഹരിതസ്വഭാവത്തില്‍ മാറ്റംവരുമെന്ന് പരാതിക്കാരന്‍ വാദിച്ചു.
രാജ്യം പാര്‍ലമെന്റ് മന്ദിരം പണിയുകയാണ്, അതില്‍ ഒരാള്‍ക്ക് എന്ത് എതിര്‍പ്പാണ് ഉള്ളത്?- കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
ജസ്റ്റിസ് അനിരുദ്ധ് ബോസും ജസ്റ്റിസ് ബോബ്ദെയുമാണ് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കേസ് പരിഗണിച്ചത്.
ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സെന്‍ട്രല്‍ വിസ്ത പദ്ധതി ആദ്യ ഘട്ടം 2021 ല്‍ പണിതീരും. പാര്‍ലമെന്റ് മന്ദിരം 2022 മാര്‍ച്ചിലും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് 2024ലും തീരും. ഇന്ത്യയുടെ 2022 ലെ 75ാം സ്വാതന്ത്ര്യദിനം അവിസ്മരണീയമാക്കാനാണ് നീക്കം.