കോടതിയലക്ഷ്യ കേസ്;വിജയ് മല്യക്കെതിരായ കേസില്‍ സുപ്രിംകോടതി വിധി ഇന്ന്
കോടതി വിധികള്‍ മറികടന്ന് മക്കള്‍ക്ക് 40 മില്യണ്‍ ഡോളര്‍ കൈമാറിയെന്ന കേസിലാണ് വിധി
മല്യ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഫെബ്രുവരിയില്‍ കേസില്‍ നേരിട്ട് ഹാജരാകാന്‍ സുപ്രിംകോടതി അവസാനമായി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. സ്വത്ത് വെളിപ്പെടുത്താത്തതിനും കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച നിയന്ത്രണ ഉത്തരവുകള്‍ ലംഘിച്ചതിനും രണ്ട് കേസുകളില്‍ വിജയ് മല്യ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് മല്യ ഹാജരായില്ലെങ്കില്‍ കോടതിയുടെ തീരുമാനം നിര്‍ണായകമാകും. കോടതിയുടെ തീരുമാനത്തിനെതിരെ മല്യ നല്‍കിയ പുനപരിശോധനാ ഹരജിയും സുപ്രിംകോടതി തള്ളിയിരുന്നു. നിലവില്‍ ബ്രിട്ടണിലുള്ള മല്യയെ ഇതുവരെ കൈമാറിയിട്ടില്ല. 9000 കോടിയുടെ ബാങ്ക് തട്ടിപ്പാണ് മല്യ നടത്തിയത്. തന്റെ മദ്യ വ്യാപാരത്തിനൊപ്പം കിംങ്ഫിഷര്‍ വിമാനക്കമ്പിയുടെ ഇടപാടുകളിലും ബാങ്കുകളെ വഞ്ചിച്ചുവെന്ന് മല്യക്കെതിരെ ആരോപണമുണ്ട്.
ഇന്ത്യയിലെ മദ്യ വ്യാപാര രംഗത്തെ പ്രധാനികളിലൊരാളായിരുന്നു വിജയ് മല്യ. കഴിഞ്ഞ വര്‍ഷം വിജയ് മല്യയെ യുകെയിലെ കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നു. കിങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട വായ്പാ തട്ടിപ്പ് കേസില്‍ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്. വിജയ് മല്യയുടെ ഫ്രാന്‍സിലെ കോടികള്‍ വിലമതിക്കുന്ന ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടെത്തിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതര്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയായിരുന്നു.