ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത് ബാങ്കുകളെ വഞ്ചിച്ച് പണം തട്ടി രാജ്യം വിട്ട പിടികിട്ടാപ്പുള്ളിയില്‍ നിന്ന്; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് ബാങ്കുകളെ വഞ്ചിച്ച് പണം തട്ടി നാട് വിട്ട പിടികിട്ടാപ്പുള്ളിയില്‍ നിന്ന്. കോണ്‍ഗ്രസ്സാണ് ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നത്. വിവരാവകാശ നിയമമനുസരിച്ച് നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടി ചൂണ്ടിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭയുടെ ആരോപണം. ബാങ്കുകളില്‍ നിന്ന് പണം വാങ്ങി മുങ്ങിയ സന്ദേശര സഹോദരന്മാരുമായാണ് കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കച്ചവടം നടത്തിയത്.
2017 കാലത്ത് ചുമത്തിയ കേസുകളില്‍ 2020ലാണ് കോടതി സന്ദേശര സഹോദരന്മാരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്്.
''വിവരാവകാശ രേഖയനുസരിച്ച് മോദി സര്‍ക്കാര്‍ 5,701.83 കോടി രൂപയുടെ എണ്ണ സന്ദേശര ഗ്രൂപ്പില്‍ നിന്ന് വാങ്ങിയിരുന്നു. 2020 സപ്തംബറില്‍ പ്രത്യേക കോടതി നിധിന്‍ സന്ദേശര, ചേതന്‍ സന്ദേശാര, ഭാര്യ ദീപ്തി, സുഹൃത്ത് ഹിതേഷ് കുമാര്‍ എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. ഇപ്പോള്‍ പുറത്തുവന്ന വിവരമനുസരിച്ച് ഇയാളുമായി കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കച്ചവടം നടത്തുകയാണ്. അടുത്ത കണ്‍സൈന്‍മെന്റ് നവംബര്‍ 1ാം തിയ്യതി ഇന്ത്യയില്‍ എത്തിച്ചേരും''- വല്ലഭ പറഞ്ഞു.
മെഹുള്‍ ചോസ്‌കി, നിറവ് മോദി, വിജയ് മല്യ, സന്ദേശര സഹോദരങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് രാജ്യം വിടാന്‍ അവസരമൊരുക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
''വഞ്ചകരെ രക്ഷപ്പെടാന്‍ അനുവദിക്കുകയെന്നതാണ് മോദി സര്‍ക്കാരിന്റെ മാതൃക. ബിസിനസ്സുകാര്‍ കേസുകളില്‍ കുടുങ്ങുമ്പോള്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ അവസരം നല്‍കും. പിന്നീട് അവരുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ അവരുമായി കച്ചവടം നടത്തും. ബാങ്കുകളെ പറ്റിച്ച് പണം പിടുങ്ങി നാടുവിട്ടവരെയും സഹായിക്കും. ഒരു തവണ വായ്പ മുടങ്ങുമ്പോഴേക്കും സാധാരണക്കാരെ ബാങ്കുകള്‍ പിടികൂടും. പക്ഷേ, മോദി സര്‍ക്കാര്‍ ഇന്ത്യയെ കൊള്ളയടിച്ചവരുമായി ബിസിനസ് ഇടപാടുകള്‍ നടത്തുകയാണ്- അദ്ദേഹം ആരോപിച്ചു.
2017 ഒക്ടോബറിലാണ് ഇ ഡി, സ്‌റ്റെര്‍ലിങ് ബയോടെക്കിന്റെ പ്രമോട്ടര്‍മാര്‍മാരായ സന്ദേശര സഹോദരങ്ങള്‍ക്കെതിരേ കള്ളപ്പണം കൈകാര്യം ചെയ്തതിന് കേസെടുക്കുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കടമെടുത്ത് തിരിച്ചടക്കാത്തതിനും ഇവര്‍ക്കെതിരേ 2017 മുതല്‍ കേസുണ്ട്. പുറത്തുവന്ന കണക്കനുസരിച്ച് 15,000 കോടിയാണ് ഇവര്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കടമെടുത്ത് തിരിച്ചടക്കാനുള്ളത്. ഇതിനെതിരേ സിബിഐ, ഇ ഡി തുടങ്ങിയ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. രാജ്യത്തെ പ്രധാന ഏജന്‍സികളും കോടതിയും ഒരു കച്ചവടക്കാരനെ കുറ്റവാളിയായി വിശേഷിപ്പിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ആ ഗ്രൂപ്പുമായി എണ്ണക്കച്ചവടം നടത്തുന്നത്. പെട്രോളിയം മന്ത്രാലയമാണ് ഇയാളുമായുള്ള ഡീലുകള്‍ ഉറപ്പിച്ചിരിക്കുന്നതെന്നും വല്ലഭ പറഞ്ഞു. കച്ചവടത്തിന്റെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടു.
2018 ജനവരി ഒന്നാം തിയ്യതി മുതല്‍ 2020 മെയ് 31 വരെ രാജ്യം 5,701.83 കോടിയുടെ എണ്ണ സ്‌റ്റെര്‍ലിങ് ഓയില്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്റ് എനര്‍ജി (എസ്ഇഇപിസിഒ- സീപ്‌കോണ്‍) എന്ന കമ്പനിയില്‍ നിന്ന് വാങ്ങി. പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസിഎല്‍ എന്നിവരും ഇതേ സ്ഥാപനവുമായി കച്ചവടം നടത്തുന്നുണ്ട്. സ്റ്റെര്‍ലിങ് ബയോടെക്കിന്റെ പ്രമോട്ടര്‍മാരായ സന്ദേശര സഹോദരന്മാര്‍ തന്നെയാണ് സീപ്‌കോണിന്റെയും പ്രമോട്ടര്‍മാര്‍. കച്ചവടത്തിന്റെ ഭാഗമായി അവരുടെ കപ്പലുകള്‍ പല തവണ രാജ്യത്ത് വന്നുപോയി. അത് പിടിച്ചെടുക്കാന്‍ അവര്‍ക്കെതിരേ കേസെടുത്ത ഇ ഡിയോ സിബിഐയോ ഒരു തവണ പോലും ശ്രമിച്ചില്ല.
ഇന്ത്യയുമായി എണ്ണക്കച്ചവടം തുടരാന്‍ സന്ദേശര സഹോദരങ്ങള്‍ ആറ് കമ്പനികള്‍ രൂപീകരിച്ചതായി പണ്ടോറ പേപ്പര്‍ വെളിപ്പെടുത്തിയിരുന്നു. ഈ എല്ലാ കമ്പനികളും 2017 നവംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെയുള്ള കാലത്താണ് സ്ഥാപിച്ചത്. ഇതേ സമയത്താണ് ഇ ഡി ഇവര്‍ക്കെതിരേ കേസെടുത്തതും. കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ ഇത്തരം വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ല.