വായ്പാ തട്ടിപ്പ്: വിജയ് മല്യയും നീരവ് മോദിയും ചോക്‌സിയും 18,000 കോടി തിരിച്ചടച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികളായ വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ 18,000 കോടി രൂപ ബാങ്കുകളില്‍ തിരിച്ചടച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രിംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇഡിയുടെ അധികാരം സംബന്ധിച്ച കേസിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 4,700 കേസുകള്‍ ഇഡി അന്വേഷിക്കുന്നുണ്ട്. അതേസമയം, സുപ്രിംകോടതിയില്‍ കെട്ടിക്കിടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമവുമായി ബന്ധപ്പെട്ട വിവിധ കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്നതിന് 67,000 കോടി രൂപയാണെന്ന് കേന്ദ്രം അറിയിച്ചു.
കോടതികള്‍ സംരക്ഷണം നല്‍കിയിട്ടുള്ളതിനാല്‍ രാജ്യത്തുനിന്ന് വായ്പയെടുത്ത് മുങ്ങിയവരില്‍നിന്നും പണം പൂര്‍ണമായും തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വലിയൊരു തുക ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നും തുഷാര്‍ മേത്ത പറഞ്ഞു. ആയിരക്കണക്കിന് കോടികള്‍ തട്ടിച്ച് രാജ്യം വിട്ട ചില ആളുകള്‍ക്ക് കോടതികളുടെ സംരക്ഷണം ലഭിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദേഭഗതി വരുത്തിയിരുന്നു. ഇതിനെതിരേ അഭിഭാഷകരായ കപില്‍ സിബല്‍, അഭിഷേക് മനു സിങ്‌വി, മുകുള്‍ റോത്തഗി എന്നിവര്‍ സുപ്രിംകോടതിയില്‍ സബ്മിഷനുകള്‍ കൊണ്ടുവന്നിരുന്നു.
പുതിയ ഭേദഗതികള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നായിരുന്നു വാദം. കര്‍ശനമായ ജാമ്യവ്യവസ്ഥകള്‍, അറസ്റ്റിന്റെ കാരണങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താതിരിക്കല്‍, ഇസിഐആര്‍ നല്‍കാതെയുള്ളവരെ അറസ്റ്റ് ചെയ്യുക (പോലിസ് ഫയല്‍ ചെയ്ത പ്രഥമ വിവര റിപോര്‍ട്ടിന് സമാന്തരമായി), നിര്‍വചനം വിപുലീകരിക്കല്‍ എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ നിയമം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വിദേശത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ പിഎംഎല്‍എയ്ക്ക് കീഴില്‍ വളരെക്കുറച്ച് കേസുകളാണ് അന്വേഷണത്തിനായി എടുക്കുന്നതെന്ന് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിനെ കേന്ദ്രം അറിയിച്ചു.
ഒരുവര്‍ഷത്തിനുള്ളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം 7,900 കേസുകളാണ് യുകെയില്‍ ഫയല്‍ ചെയ്തത്. യുഎസ് (1,532), ചൈന (4,691), ഓസ്ട്രിയ (1,036), ഹോങ്കോങ് (1,823), ബെല്‍ജിയം (1,862), റഷ്യ (2,764) എന്നിവ ഉദാഹരണങ്ങളായി കേന്ദ്രം ഉദ്ധരിച്ചു. ഇന്ത്യയില്‍, കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ ഓരോ വര്‍ഷവും അന്വേഷണത്തിനായി എടുത്ത കേസുകളുടെ എണ്ണം ഇങ്ങനെയാണ്. 2015-16 ലെ 111 കേസുകളില്‍ നിന്ന് 2020-21 ല്‍ 981 കേസായി ഉയര്‍ന്നുവെന്ന് കേന്ദ്രം അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ (2016-17 മുതല്‍ 2020-21 വരെ) 33 ലക്ഷം എഫ്‌ഐആറുകള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കായി ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, 2,086 കേസുകള്‍ മാത്രമാണ് അന്വേഷണത്തിനായി എടുത്തതെന്ന് കേന്ദ്രം അറിയിച്ചു.