സെക്രട്ടേറിയറ്റ് പടിക്കലേക്ക് സ്‌കൂള്‍ പാചകത്തൊഴിലാളികളും; സമരം നാല്, അഞ്ച് തീയതികളില്‍

Update: 2025-04-03 05:16 GMT

കൊല്ലം: ആശമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിനു പിന്നാലെ സ്‌കൂള്‍ പാചകത്തൊഴിലാളികളും സമരത്തിനൊരുങ്ങുന്നു. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശമ്പളവും അവധിക്കാല ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് സമരമാരംഭിക്കുന്നത്. നാല്, അഞ്ച് തീയതികളിലാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്താന്‍ തീരുമാനം. ഇടതു സംഘടനയായ സ്‌കൂള്‍ പാചകത്തൊഴിലാളി യൂണിയന്‍ (എഐടിയുസി) 22 മുതല്‍ 26 വരെ രാപകല്‍ സമരം നടത്തും.

നിലവില്‍ 600 രൂപയാണ് ഒരു പാചകത്തൊഴിലാളിക്ക് ദിവസവേതനമായി നല്‍കുന്നത്. ആദ്യകാലത്ത് ഭക്ഷണമെനു കുറവായിരുന്നതിനാല്‍ അധിക ജോലി ഭാരം തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇന്ന് കറി വട്ടങ്ങള്‍ കൂടുതല്‍ ഉള്ളതിനാല്‍ ജോലിഭാരം കൂടുതലാണെന്നും തൊഴിലാളികള്‍ പറയുന്നു. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ടും മൂന്നും പേര്‍ ചേര്‍ന്ന് ഭക്ഷണമുണ്ടാക്കുകയും ദിവസവേതനമായ 600 രൂപ പങ്കിട്ടെടുക്കുകയും ചെയ്യുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

വേതനം കൃത്യമായി ലഭിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നു. 2013-ല്‍ മിനിമം വേതനം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും പിന്നീട് അത് നടന്നില്ല. ഇത്തരം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവശ്യപ്പെട്ട് സമരം ചെയ്യാനാണ് സംഘടനയുടെ തീരുമാനം.





Tags:    

Similar News