ലഖ്‌നോ: യുപിയിലാകമാനം ദുരൂഹമായ ഒരിനം പനി പടര്‍ന്നുപിടിക്കുകയാണ്. പടിഞ്ഞാറന്‍ യുപിയില്‍ ഉല്‍പ്പെട്ട ആഗ്ര, മഥുര, ഫിറോസാബാദ്, മെയ്ന്‍പുരി, കാസ്ഗഞ്ച്, എത്ത തുടങ്ങിയ ജില്ലകളിലാണ് പനി കൂടുതല്‍ പടര്‍ന്നുപിടിച്ചിട്ടുള്ളത്.
പനി ബാധിച്ച് കഴിഞ്ഞ ദിവസം ഫിറോസാബാദില്‍ മാത്രം അമ്പതിനു താഴെ കുട്ടികള്‍ മരിച്ചു. കുട്ടികളല്ലാത്തവരും മരിച്ചെങ്കിലും മരിക്കുന്നതില്‍ ഭൂരിഭാഗവും കുട്ടികളാണ്. ഇന്ന് മഥുരയിലും പതിനാലോളംപേര്‍ മരിച്ചു. അതില്‍ 12 പേര്‍ കുട്ടികളാണ്.
പനി പടര്‍ന്നതോടെ ഫിറോസാബാദിലെ സ്‌കൂളുകള്‍ ആറാം തിയ്യതി വരെ അടച്ചു. യുപിയിലെ പലയിടങ്ങളിലും ഗ്രാമീണര്‍ വീടടച്ച് നാടുവിട്ടുതുടങ്ങി. മഥുരയിലെ ഒരു ഗ്രാത്തില്‍ നിന്ന് മാത്രം അമ്പത് കുടുംബങ്ങള്‍ പലായനം ചെയ്തു.
ഈ ദുരൂഹമായി പനിയുടെ കാരണക്കാരന്‍ ആരാണെന്നതിനെക്കുറിച്ച് പല സംശയങ്ങളാണ് ആരോഗ്യവിദഗ്ധര്‍ക്കുള്ളത്. ഡെങ്കിയാണോയെന്ന് സംശയിക്കുന്നവരാണ് അവരില്‍ കൂടുതല്‍.
മഥുരയിലെ അധികൃതര്‍ പറയുന്നത് പടര്‍ന്നുപടിക്കുന്നത് ഡെങ്കിയാണെന്നാണ്. ഇപ്പോള്‍ പടരുന്ന പനിക്ക് ഡെങ്കിയുടെ ലക്ഷണങ്ങളുണ്ട്. മാത്രമല്ല, മലേറിയയുടെ ലക്ഷണം പോലുമുണ്ട്. പ്ലാറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞുപോവുകയും രോഗം തീക്ഷ്ണമായാല്‍ രക്തസ്രാവത്തിന് സാധ്യതയുമുള്ള ഡെങ്കിപ്പനി പടര്‍ത്തുന്നത് പ്രത്യേക തരം കൊതുകുകളാണ്. മഥുര ജില്ലയിലെ കലക്ടര്‍ കൊതുകു നിയന്ത്രണം സജീവമാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കേന്ദ്ര ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പറയുന്നത് പനി പടര്‍ന്നുപിടിക്കുന്നത് പ്രത്യേക തരം ചെള്ള് വഴിയാണെന്നാണ്. ഒറെന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. എലികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ചെള്ളാണ് വാഹകര്‍. ചെള്ള് കടിച്ചാല്‍ പനി പിടിക്കും. പനി, തലവേദന, പേശി വേദന, ചുമ, വിറയല്‍ ദഹന പ്രശ്‌നങ്ങള്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
ഔദ്യോഗികമായി ഡെങ്കിയാണെന്നാണ് വിശദീകരണം.
പ്ലാറ്റ്‌ലെറ്റ് കൗണ്ടിലെ കുറവ് പെട്ടെന്ന് സംഭവിക്കുന്നതിലൂടെ ആശുപത്രിയിലെത്തി ഏറെകഴിയും മുമ്പേ കുട്ടികള്‍ മരിക്കുന്നു. ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നുണ്ട്.