പൂവത്താണി, മുറിയങ്കണ്ണി റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് എസ്ഡിപിഐ

Update: 2021-11-15 00:59 GMT

ചെത്തല്ലൂര്‍: പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റി പൊളിച്ച റോഡ് ശരിയാക്കി ടാറിംഗ് ചെയ്ത് അടക്കാത്തത് മൂലം അപകടങ്ങള്‍ പതിവാകുന്ന സാഹചര്യത്തില്‍ പൂവത്താണി, മുറിയങ്കണ്ണി റോഡിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് എസ്ഡിപിഐ. ഇരുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറു വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ സാധ്യമല്ലാത്ത വിധം റോഡില്‍ വന്‍ കുഴികളും വെള്ളക്കെട്ടുകളും നിറഞ്ഞിരിക്കുകയാണ്.

കാലപ്പഴക്കം കാരണം റോഡിന്റെ ടാറിംഗ് ഇളകി റോഡ് മുഴുവന്‍ വലിയ കുണ്ടും കുഴിയുമായി കിടക്കുകയാണ്. മഴപെയ്യുമ്പോള്‍ റോഡില്‍ മഴവെള്ളം കെട്ടികിടക്കുന്നതിനാല്‍ റോഡിലെ കുഴികള്‍ തിരിച്ചറിയാന്‍ കഴിയാതെ കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിലുള്ളവരും അപകടത്തില്‍പ്പെടുന്നു. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡാണ് ഇങ്ങനെ മാസങ്ങളായി തകര്‍ന്നു കിടക്കുന്നത്. 

ജനങ്ങളുടെ യാത്ര ദുരിതത്തിന് അറുതി വരുത്തുന്നതിന് വേണ്ടി അധികാരികള്‍ ഇടപെടണമെന്നും ജനങ്ങളോട് നീതി പാലിക്കണമെന്നും ,

എംഎല്‍എ ഈ വിഷയത്തില്‍ പെട്ടന്ന് ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടികളുമായി എസ്ഡിപിഐ മുന്നോട്ട് പോകുമെന്ന് പ്രതിഷേധ യോഗത്തില്‍ ഭാരവാഹികള്‍ മുന്നറിയിപ്പുനല്‍കി

യോഗത്തില്‍ എസ്ഡിപിഐ തച്ചനാട്ടുകര പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അഷറഫ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഫല്‍ മുറിയങ്കണ്ണി, കമ്മിറ്റി അംഗങ്ങളായ ഗഫൂര്‍ പൂവത്താണി, ബഷീര്‍ നാട്ടുകല്‍, റസാഖ് ചെത്തല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News