കള്ളക്കേസിന്റെ പേരില്‍ ആന്ധ്രാ പോലിസ് തടഞ്ഞുവെച്ച കേരള ബസിനും ജിവനക്കാര്‍ക്കും എസ്ഡിപിഐ ഇടപെടലില്‍ മോചനം

മൂന്നു ദിവസം ഇതേ രീതിയില്‍ തടഞ്ഞുവച്ചു. അതിനു ശേഷം അന്‍പതിനായിരം രുപ നല്‍കിയാല്‍ വിടാമെന്നായിരുന്നു പോലിസിന്റെ വാഗ്ദാനം.

Update: 2021-05-31 17:35 GMT

പരപ്പനങ്ങാടി: കള്ളക്കേസിന്റെ പേരില്‍ ആന്ധ്രാ പോലിസ് തടഞ്ഞുവെച്ച കേരളത്തില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ് എസ്ഡിപിഐ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ചു. കഴിഞ്ഞ ഇരുപതാം തിയതി മലപ്പുറം ജില്ലയിലെ പറമ്പില്‍ പീടികയില്‍ നിന്ന് ഒഡീഷയിലേക്ക് തൊഴിലാളികളുമായി പുറപ്പെട്ട് തിരികെ വരുന്നതിനിടയില്‍ ആന്ധ്രാ പോലിസ് തടഞ്ഞുവച്ച വേങ്ങരയിലെ റംസാന്‍ ടൂറിസ്റ്റ് ബസും ജീവനക്കാരുമാണ് എസ്ഡിപിഐ പ്രവര്‍ത്തകരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്.

ഒഡീഷയില്‍ യാത്രക്കാരെ ഇറക്കി തിരിച്ച് വരുന്നതിനിടയില്‍ ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ വെച്ച് ഓട്ടോറിക്ഷയുമായി ഇടിച്ച് അപകടമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. ഓട്ടോറിക്ഷയിലുള്ളവര്‍ക്ക് ഗുരുതര പരിക്കാണന്നും ഇതിനാല്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയില്ലന്നും പോലീസ് ബസ് ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ കാണാനോ ബന്ധപെടാനൊ പോലീസ് അനുവദിച്ചില്ല. മൂന്നു ദിവസം ഇതേ രീതിയില്‍ തടഞ്ഞുവച്ചു. അതിനു ശേഷം അന്‍പതിനായിരം രുപ നല്‍കിയാല്‍ വിടാമെന്നായിരുന്നു പോലിസിന്റെ വാഗ്ദാനം.

ഇത്രയും പണം കൈയിലില്ലാത്തത് കാരണം നാട്ടിലെ ബന്ധുക്കളെ ബസ് ജീവനക്കാര്‍ വിവരം അറിയിച്ചു. ബന്ധുക്കള്‍ പറമ്പില്‍ പീടികയിലുള്ള എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറിയിക്കുകയും അവര്‍ മുഖേന ആന്ധ്ര നെല്ലൂര്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റുമായി ബന്ധപ്പെടുകയുമായിരുന്നു. അവര്‍ സ്റ്റേഷനിലെത്തി പോലിസുമായി സംസാരിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാനോ , കോടതിയില്‍ ഹാജരാക്കാനോ പോലിസ് തയ്യാറായില്ല. പിന്നെയും രണ്ട് ദിവസം ഇതേ അവസ്ഥ ആവര്‍ത്തിച്ചു. പണം നല്‍കാതെ ബസും തൊഴിലാളികളേയും വിടില്ലന്ന വാശിയിലായിരുന്നു പോലിസ്.

ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നെല്ലൂരിലെ പോലിസ് സ്റ്റേഷന്‍ ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് കേസുപോലും എടുക്കാതെ ബസും ജീവനക്കാരെയും വിട്ടയക്കുകയായിരുന്നു. ബസും ജീവനക്കാരും കഴിഞ്ഞ ദിവസം നാട്ടില്‍ തിരിച്ചെത്തി. എസ്ഡിപിഐയുടെ ഇടപെടലാണ് തങ്ങളെ നാട്ടിലെത്തിച്ചതെന്ന് റംസാന്‍ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ പറഞ്ഞു.

Tags:    

Similar News