സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള അഴിയൂരിലെ ലഹരി മാഫിയ: എസ്ഡിപിഐ രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്

Update: 2022-12-16 15:55 GMT

കണ്ണൂർ: സ്കൂൾ വിദ്യാർത്ഥികളെ ലഹരിക്ക് അടിമപ്പെടുത്തിയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത, വൻ ലഹരി മാഫിയ സംഘത്തിന്റെ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ പോലീസ് കാണിക്കുന്ന അലംഭാവത്തിനെതിരെ രണ്ടാംഘട്ട ജനകീയ പ്രക്ഷോഭത്തിന് തുടക്കമിടാൻ എസ്ഡിപിഐ തീരുമാനിച്ചു.

24-11-2022 ന് വിദ്യാർത്ഥിനിയെ അസ്വാഭാവിക നിലയിൽ കണ്ടെത്തിയിട്ടും ആരോ എന്നെ വെള്ളപ്പൊടി മണപ്പിച്ചു എന്ന് അധ്യാപകരെ അറിയിച്ചിട്ടും ചൈൽഡ് ലൈൻ അധികൃതരെയോ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കാതിരുന്നതും, വിശദമായ വൈദ്യ പരിശോധന കുട്ടിക്ക് ലഭ്യമാക്കാതിരുന്നതിലും സ്കൂൾ അധികൃതർക്ക് സംഭവിച്ചത് വലിയ വീഴ്ചയാണ്. ഇതിന്റെ ഉത്തരവാദികൾക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ ഇടയാകും.

2-12-2022ന് പോലീസ് സ്റ്റേഷനിൽ എത്തി ലഹരി മാഫിയ സംഘത്തിൻറെ ഇടപെടലുകളെ കുറിച്ച് കുട്ടി മൊഴി നൽകിയിട്ടും അത്തരത്തിൽ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുക്കുവാൻ തയ്യാറാവാതിരുന്നതും അടിയന്തിര വൈദ്യ പരിശോധനക്ക് വിദ്യാർഥിനിയെ വിധേയമാക്കാൻ നടപടി സ്വീകരിക്കാതിരുന്നതും, സ്റ്റേഷനിൽ എത്തിയ ലഹരി മാഫിയ സംഘത്തിൻറെ പ്രധാന കണ്ണി എന്ന് സംശയിക്കുന്ന യുവതിയെക്കുറിച്ച് അന്വേഷണം നടത്താൻ തയ്യാറാവാതിരുന്നതും, പോലീസ് സ്റ്റേഷൻ വളപ്പിൽ രണ്ട് യുവജന സംഘടന നേതാക്കൾക്ക് കുട്ടിയെ സമ്മർദ്ദത്തിലാക്കുന്ന വിധം സംസാരിക്കാൻ അവസരം നൽകിയതും കേട്ടുകൾവി പോലും ഇല്ലാത്ത സംഭവമാണ്. ഉയർന്ന തലത്തിലുള്ള അന്വേഷണസംഘം അന്വേഷിച്ചാൽ മാത്രമേ, സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന ലഹരി മാഫിയ സംഘത്തിന്റെ അവസാന കണ്ണിയെയും കണ്ടെത്താൻ സാധിക്കുകയുള്ളൂ.

സ്കൂൾ അധികൃതർക്കെതിരെ വിദ്യാർഥിനിയുടെ മാതാവ് വിദ്യാഭ്യാസമന്ത്രിക്കും വകുപ്പിനും പരാതി നൽകിയിട്ടും തുടർനടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ 10.30 ന് വടകര ഡിഇഒ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.

സംഭവത്തിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുവേണ്ടി 23 ന് എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് സൈനുദ്ദീൻ എ കെ യുടെ നേതൃത്വത്തിൽ ഏകദിന വാഹന പ്രചരണ ജാഥ സംഘടിപ്പിക്കും.

സംഭവത്തിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നത് വരെ ശക്തമായ ജനകീയ-നിയമ പോരാട്ടവുമായി എസ്ഡിപിഐ രംഗത്തുണ്ടാവുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ

ഷംസീർ ചോമ്പാല

( എസ് ഡി പി ഐ വടകര മണ്ഡലം പ്രസിഡണ്ട് ),

യാസർ പൂഴിത്തല

( അഴിയൂർ പഞ്ചായത്ത് സെക്രട്ടറി ),

സാലിം അഴിയൂർ

(അഴിയൂർ പഞ്ചായത്ത് 16 വാർഡ്‌ മെമ്പർ ),

സീനത്ത് ബഷീർ (18വാർഡ്‌ മെമ്പർ ) പങ്കെടുത്തു.

Similar News