വളര്‍ത്തുനായയുടെ കടിയേറ്റ ഫൗസിയക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ
കോഴിക്കോട്: വളര്‍ത്തുനായയുടെ കടിയേറ്റ അമ്പായത്തോട് സ്വദേശിനി ഫൗസിയക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു. ക്രൂരമായ കടിയേറ്റ യുവതി ജീവനു വേണ്ടി പിടയുമ്പോള്‍ ഓടിയെത്തിയ നാട്ടുക്കാര്‍ക്കെതിരെ കേസെടുത്ത പൊലിസ് നടപടി വന്‍ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.
യഥാര്‍ത്ഥത്തില്‍ കേസെടുക്കേണ്ടത് വളര്‍ത്തു നായയുടെ ഉടമസ്ഥനെതിരെയായിരുന്നു. രോഗിയായി കിടക്കുന്ന ഭര്‍ത്താവിനും കുട്ടികള്‍ക്കും ആശ്രയമായിരുന്ന യുവതിക്കുണ്ടായ ദാരുണമായ അവസ്ഥക്ക് നഷ്ട്ടപരിഹാരം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരും നായയുടെ ഉടമയും തയ്യാറാവണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന ഫൗസിയയെ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, സെക്രട്ടറി കെ. ഷെമീര്‍, കൊടുവള്ളി മണ്ഡലം പ്രസിഡന്റ് സലീം കാരാടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് കെ കെ ഫൗസിയ എന്നിവര്‍ സന്ദര്‍ശിച്ചു. അവര്‍ക്കാവശ്യമായ നിയമസഹായവും പ്രഖ്യാപിച്ചു.