എസ്ഡിപിഐക്കെതിരായ വിമര്‍ശനങ്ങള്‍ സാമൂഹിക ജനാധിപത്യത്തിന് വേണ്ടി പോരാടുന്നതിനാല്‍: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സാമൂഹിക നീതിക്ക് വേണ്ടിയുള്ള സംവരണത്തെ സാമ്പത്തികവാദം ഉയര്‍ത്തി, സംവരണ തത്വം അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.

Update: 2021-11-20 11:32 GMT

തിരുവനന്തപുരം: എസ്ഡിപിഐക്കെതിരേ വിമര്‍ശനങ്ങളുയരുന്നത് പാര്‍ട്ടി സാമൂഹിക ജനാധിപത്യത്തിനു വേണ്ടി പോരാടുന്നതിനാലാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി.

സംഘപരിവാര ഫാഷിസത്തിന്റെ മതരാഷ്ട്രവാദത്തിനെതിരായ നിലപാടാണ് പാര്‍ട്ടി മുന്നോട്ടുവെക്കുന്നത്. ഫാഷിസത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി ഏറ്റെടുക്കുന്ന ജനപക്ഷ അജണ്ടകള്‍ സാമ്പ്രദായിക പാര്‍ട്ടികളെ അസ്വസ്ഥരാക്കുന്നു. രാജ്യത്തെ 80 ശതമാനം വരുന്ന ആദിവാസി, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ ദാരിദ്ര്യത്തിലും ഭീതിയിലുമാണ് കഴിയുന്നത്. ഇവര്‍ക്ക് രാജ്യത്തിന്റെ വിഭവങ്ങളുടെയും വികസനത്തിന്റെയും പങ്കാളിത്തം ലഭിക്കുന്നില്ല. ഇത്തരം വിഷയങ്ങള്‍ രാജ്യത്ത് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇതര പാര്‍ട്ടികള്‍ പരാജയമാണ്. ഇവിടെയാണ് എസ്ഡിപിഐ പാര്‍ശ്വവല്‍ക്കൃത ജനതയുടെ പ്രതീക്ഷയായി മാറുന്നത്.

ഭരണഘടനാ വിരുദ്ധമായ സാമ്പത്തിക സംവരണം നടപ്പാക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അമിതാവേശമാണ് കാണിക്കുന്നത്. സാമൂഹിക നീതി, ഭൂമി പ്രശ്‌നം തുടങ്ങിയ അടിസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരന്തര സമരങ്ങളിലാണ് പാര്‍ട്ടി. ഇതാണ് പാര്‍ട്ടി ചിലര്‍ക്ക് അനഭിമതമായത്. കര്‍ഷക സമരങ്ങള്‍ക്കുമുമ്പില്‍ മോദി സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നത് ജനകീയ പോരാട്ടങ്ങള്‍ക്ക് അതിജീവനത്തിന് സാധ്യതയുണ്ടെന്ന സാക്ഷ്യപ്പെടുത്തലാണ്. സമരക്കാര്‍ക്കെതിരേ ഖാലിസ്ഥാന്‍വാദികളെന്നും ഐഎസ്‌ഐ ഏജന്റുമാരെന്നും ആരോപണമുന്നയിച്ച കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മാപ്പ് പറയണമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

വഖ്ഫ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടത് സര്‍ക്കാരിന്റെ പക്ഷപാതപരമായ നടപടിയാണ്. വഖ്ഫ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് ബോര്‍ഡാണ്. ലക്ഷത്തിലധികം പേര്‍ ജോലി ചെയ്യുന്ന എയ്ഡഡ് മേഖല എന്തുകൊണ്ടാണ് പിഎസ്‌സിക്ക് വിടാത്തതെന്നും അദ്ദേഹം ചോദിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനം കാലം മുതല്‍ വിഭജന രാഷ്ട്രീയതന്ത്രമാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടി അന്നാരംഭിച്ച തന്ത്രം ഇപ്പോഴും തുടരുകയാണ്.

പാലക്കാട് ആര്‍എസ്എസ് നേതാവിന്റെ കൊലപാതകത്തെ അപലപിക്കുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാ കൊലപാതകങ്ങളും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സമാധാനന്തരീക്ഷമാണ് ആഗ്രഹിക്കുന്നത്. നിരന്തര സംഘര്‍ഷത്തിലൂടെ സാമൂഹിക മാറ്റം പാര്‍ട്ടി നയമല്ല. സംഘര്‍ഷങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന സമീപനമാണ് പാര്‍ട്ടിയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക നീതിക്ക് വേണ്ടിയുള്ള സംവരണത്തെ, സാമ്പത്തികവാദം ഉയര്‍ത്തി സംവരണ തത്വം അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്രത്തിലെ ഫാഷിസ്റ്റ് ഗവണ്‍മെന്റും കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ഗവണ്‍മെന്റ്ും സാമൂഹിക നീതി അട്ടിമറിക്കുന്ന സമീപമാണ് സ്വീകരിക്കുന്നതെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

Tags:    

Similar News