കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ എത്തി

Update: 2021-01-20 09:58 GMT

തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. മുംബൈയില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വാക്‌സീന്‍ എത്തിച്ചത്. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള 22 ബോക്‌സ് വാക്‌സിനാണെത്തിയത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട്ടേക്ക് ഒമ്പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തിയത്. പ്രത്യേകം ശീതികരിച്ച ഒരോ ബോക്‌സിലും 12,000 വാക്‌സിനുകളാണുള്ളത്. രാവിലെ 11.15 ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തി. കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വാക്‌സിന്‍ ഏറ്റെടുത്തു.

ലക്ഷദ്വീപിലേക്കുള്ള വാക്‌സിന്‍ ഹെലികോപ്റ്ററിലും, കോഴിക്കോട്ടേക്കുള്ളവ റോഡ് മാര്‍ഗവും റീജിയണല്‍ വാക്‌സിന്‍ കേന്ദ്രത്തിലേയ്ക്ക് കൊണ്ട് പോയി. കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശ്വഫലങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. താരതമ്യേന അപകട സാധ്യത കുറവുള്ള കൊവിഡ് വാക്‌സിനാണ് ലഭിച്ചിട്ടുള്ളത്. വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ കേരളത്തില്‍ ആളുകള്‍ക്ക് വിമുഖതയില്ല. വാക്‌സിന്‍ എടുത്താലും നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 264000 വാക്‌സിനുകളായിരുന്നു നെടുമ്ബാശേരിയില്‍ എത്തിയത്.

അതേസമയം ജനിതക മാറ്റം വന്ന വൈറസ് യുകെ.യില്‍ നിന്ന് വന്ന ഒമ്പത് പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളും കൂട്ടായ്മയും കൊവിഡ് വ്യാപനത്തിന് കാരണമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാന്നെങ്കിലും കേരളത്തില്‍ മരണ നിരക്ക് വളരെ കുറവാണ്.




Similar News