മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് വാക്‌സിന്‍ വിതരണ ക്യാമ്പ് 16നും 19നും

Update: 2021-03-15 11:39 GMT

കോട്ടയം: കോട്ടയം ജില്ലയിലെ കൊവിഡ് മുന്‍നിര പ്രവര്‍ത്തകരായി പരഗണിക്കപ്പെടുന്ന റവന്യു, പോലിസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെയും കേന്ദ്ര സേനാ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കായുള്ള രണ്ടാം ഡോസ് കോവാക്‌സിന്‍ വിതരണം മാര്‍ച്ച് 16, 19 തീയതികളില്‍ തിരഞ്ഞെടുത്ത 24 കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന അറിയിച്ചു. ഈ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 16നും 19നും മറ്റാര്‍ക്കും വാക്‌സിന്‍ വിതരണം ഉണ്ടായിരിക്കില്ല.

ഫെബ്രുവരി 12 മുതല്‍ ഒന്നാം ഡോസ് കോവാക്‌സിന്‍ സ്വീകരിച്ച് 28 ദിവസം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ ആദ്യ ഡോസ് സ്വീകരിച്ച കേന്ദ്രങ്ങളില്‍ തന്നെ എത്തി രണ്ടാം ഡോസ് സ്വീകരിക്കണം. ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ നല്‍കിയ സമ്മതപത്രം പൂര്‍ണമാക്കേണ്ടതിനാല്‍ ഇവര്‍ മറ്റു കേന്ദ്രങ്ങളിലെത്തിയാല്‍ വാക്‌സിന്‍ നല്‍കാനാവില്ല.

രണ്ടാം ഡോസിനായി വീണ്ടും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ആദ്യ ഡോസ് നല്‍കിയപ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ രേഖപ്പെടുത്തുന്നതിനായി നല്‍കിയ ഫോറം രണ്ടാം ഡോസ് വാക്‌സിനേഷനായി വരുമ്പോള്‍ കൊണ്ടുവരണം.

ജില്ലയില്‍ 4039 പേരാണ് ആദ്യ ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചത്. ഇവര്‍ക്ക് രണ്ടാം ഡോസും ഇതേ വാക്‌സിന്‍ തന്നെ നല്‍കേണ്ടതിനാല്‍ ഇതിനായി പ്രത്യേക ക്രമീകരണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികള്‍, വൈക്കം, പാമ്പാടി, കുറവിലങ്ങാട് താലൂക്ക് ആശുപത്രികള്‍, അറുനൂറ്റിമംഗലം, ഇടയാഴം, ഇടയിരിക്കപ്പുഴ, എരുമേലി, കുമരകം, പൈക, ഉള്ളനാട്, ഏറ്റുമാനൂര്‍, തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, അതിരമ്പുഴ, കുറുപ്പുന്തറ, മാടപ്പള്ളി, കടപ്ലാമറ്റം, പുതുപ്പള്ളി, തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, മുട്ടമ്പലം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍, ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍, ജില്ലാ കളക്ടറുടെ ക്യാമ്പ് ഹൗസ് എന്നിവിടങ്ങളിലാണ് ഈ ദിവസങ്ങളില്‍ കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള രണ്ടാം ഡോസ് കോവാക്‌സിന്‍ വിതരണം നടക്കുക.

Similar News