കനേഡിയന്‍ കൂട്ടക്കൊലപാതകം: പോലിസ് കസ്റ്റഡിയിലെടുത്ത രണ്ടാമത്തെ പ്രതി മരിച്ചു
മെല്‍ഫോര്‍ട്ട്: കാനഡയില്‍ തദ്ദേശീയര്‍ക്ക് നേരേയുണ്ടായ കത്തിയാക്രമണത്തിലെ രണ്ടാമത്തെ പ്രതി മൈല്‍സ് സാന്‍ഡേഴ്‌സണ്‍ (32) മരിച്ചു. പോലിസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മരണം. ഇയാള്‍ സ്വയം ശരീരത്തിലേല്‍പ്പിച്ച മുറിവില്‍ നിന്നുള്ള അണുബാധ മൂലമാണ് മരണമെന്ന് പോലിസ് അറിയിച്ചു. സസ്‌കാച്ചെവന്‍ പ്രവിശ്യയില്‍ നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ മരണപ്പെടുകയായിരുന്നു.
അറസ്റ്റ് ചെയ്യുമ്പോള്‍ കാറില്‍ നിന്ന് ഒരു കത്തി കണ്ടെത്തിയതായി പോലിസ് മേധാവി പറഞ്ഞു. മൈല്‍സ് സാന്‍ഡേഴ്‌സന്റെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം പോലിസിന്റെ പെരുമാറ്റവും അവലോകനം ചെയ്യുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ബ്ലാക്ക്‌മോര്‍ പറഞ്ഞു. സാന്‍ഡേഴ്‌സന്റെ മരണത്തോടെ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശം ദുരൂഹമായി തുടരുകയാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു.
ഞായറാഴ്ച കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ട അതേ ദിവസമാണ് മൈല്‍സിന്റെ അറസ്റ്റിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ വന്നത്. റെജീനയിലും വെല്‍ഡണിലുമുണ്ടായ കത്തിയാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുറ്റകൃത്യം നടത്തിയ രണ്ട് പ്രതികളില്‍ ഒരാളായ ഡാമിയന്‍ സാന്‍ഡേഴ്‌സണെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഡാമിയന്റെ മൃതദേഹം തിങ്കളാഴ്ചയാണ് അക്രമണം നടന്ന സ്ഥലത്തുനിന്നു കണ്ടെത്തിയത്.