സുരക്ഷാഭീഷണി; കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ പൗരന്മാരോട് യുഎസ് ഭരണകൂടം
വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പൗരന്മാരോട് അമേരിക്കന്‍ ഭരണകൂടം. കാബൂള്‍ വിമാനത്താവളം വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കാബൂള്‍ വിമാനത്താവളത്തില്‍ സുരക്ഷാഭീഷണിയുണ്ടെന്നാണ് കാരണമായി പറഞ്ഞിട്ടുള്ളത്.
യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരില്‍ നിന്ന് വ്യക്തിപരമായ നിര്‍ദേശം ലഭിക്കാത്തിടത്തോളം വിമാനത്താവളത്തില്‍ പ്രവേശിക്കരുതെന്നും അബ്ബേ ഗേറ്റ്, ഈസ്റ്റ് ഗേറ്റ്, നോര്‍ത്ത് ഗേറ്റ് എന്നിവ എത്രയും പെട്ടെന്ന് ഒഴിയണമെന്നും ബുധനാഴ്ച പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു.
യുഎസ് ഭരണകൂടം ഇതുവരെ 4,500 മുതല്‍ 6,000 വരെ യുഎസ് പൗരന്മാരെ അഫ്ഗാനില്‍ നിന്ന് തിരികെക്കൊണ്ടുപോയിട്ടുണ്ട്.
1500 യുഎസ് പൗരന്മാര്‍ തിരിച്ചെത്താനായി കാത്തിരിക്കുന്നുണ്ടെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്രിന്‍കന്‍ പറഞ്ഞു.
അമേരിക്കക്കാര്‍ക്ക് സുരക്ഷിതപാതയൊരുക്കുമെന്ന് താലിബാന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്ത് പകുതി മുതല്‍ അമേരിക്ക 82,300 പേരെയാണ് കാബൂള്‍ വിമാനത്താവളം വഴി ഒഴിപ്പിച്ചത്.