കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന മുംബൈ മുനിസിപ്പാലിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2020-06-10 05:12 GMT

മുംബൈ: മുംബൈ മുനിസപ്പല്‍ കോര്‍പറേഷനിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഉദ്യോഗസ്ഥന്‍ അതേ രോഗം ബാധിച്ച് മരിച്ചു. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലെ ജലവിതണത്തിന്റെ ചുമതലയുളള ഡപ്യൂട്ടി കമ്മീഷണര്‍ ഷിറിഷ് ദീക്ഷിത് ആണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മരിച്ചത്. അദ്ദേഹത്തിന് 55 വയസ്സായിരുന്നു. കോര്‍പറേഷനില്‍ ജലവിതരണ വിഭാഗത്തില്‍ ചീഫ് എഞ്ചിനീയര്‍ കൂടിയായ ഷിറിഷ് ദീക്ഷിത് കൊവിഡ് രോഗം വന്ന് മരിക്കുന്ന മുംബൈ കോര്‍പറേഷനിലെ ആദ്യ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്.

കൊവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല.

ഇപ്പോള്‍ മരിച്ച ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച വരെ ജോലിയില്‍ സജീവമായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് രോഗം മൂര്‍ച്ഛിച്ചത്. ആശുപത്രിയിലെത്തും മുമ്പ് മരിക്കുകയും ചെയ്തു. അതേസമയം യഥാര്‍ത്ഥ മരണ കാരണം ഇനിയും വ്യക്തമല്ലെന്നാണ് മുംബൈ മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. ഉദ്യോഗസ്ഥന്‍ കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നെങ്കിലും ഫീല്‍ഡ് പ്രവര്‍ത്തനങ്ങളിലല്ല ഏര്‍പ്പെട്ടിരുന്നത്.

നിലവില്‍ മുംബൈയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള നഗരം. മുംബൈയില്‍ 51,100 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈ മുനിസിപ്പാലിറ്റിയിലെ 56 ഉദ്യോഗസ്ഥര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് മുംബൈ മുനിസിപ്പാലിറ്റി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. 

Tags:    

Similar News